ആലപ്പുഴ: വിളനാശത്തിലും കടക്കെണിയിലുംപെട്ട് കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടുമ്പോള്‍ കുട്ടനാട്ടില്‍ സിപിഎം കര്‍ഷകത്തൊഴിലാളി സംഘടനയുടെ പിടിവാശിയില്‍ നെല്‍ കര്ഷകന് ആത്മഹത്യാ മുനമ്പില്‍. പാടത്ത് കൊയ്ത് കൂട്ടിയിട്ട നെല്ലെടുക്കാന്‍ അഞ്ചു ദിവസമായിട്ടും സിപിഎമ്മിന്റെ കര്‍ഷത്തൊഴിലാളി സംഘടനയായ കെഎസ്കെടിയു തയ്യാറാകുന്നില്ല. വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ നെല്ല് നശിക്കുമോയെന്ന ആശങ്കയിലാണ് കര്ഷകന്.
കാവാലം വ്യാസപുരം വീട്ടില്‍ സന്തോഷാണ് കെഎസ്കെടിയുവിന്റെ പകപോക്കലിനിരയായത്. രാമരാജപുരം കായലില്‍ 2.37 ഏക്കറില്‍ വിളവെടുത്ത ഏതാണ്ട് 70 ക്വിന്റല്‍ നെല്ലാണ് പാടശേഖരത്തില്‍ കൂട്ടിയിട്ടിട്ടുള്ളത്. വിവിധ കാരണങ്ങള്‍ പറഞ്ഞ് സന്തോഷിന്റെ മാത്രം നെല്ല് ചുമന്നെടുക്കാന്‍ കെഎസ്കെടിയു തയ്യാറാകുന്നില്ല. ഈ പ്രദേശങ്ങളില്‍ നെല്ല് ചുമട് സിപിഎമ്മിന്റെ കുത്തകയായതിനാല്‍ മറ്റു കര്‍ഷകത്തൊഴിലാളി സംഘടനകള്‍ക്ക് ഇദ്ദേഹത്തെ സഹായിക്കാനും സാധിക്കുന്നില്ല.
ജില്ലാ കളക്ടര്‍, കൃഷി ഓഫീസര്‍, പാഡി ഓഫീസര്‍, ലേബര്‍ ഓഫീസര്‍ തുടങ്ങിയവര്‍ക്ക് സന്തോഷ് പരാതി നല്‍കിയെങ്കിലും സിപിഎമ്മിനെ ധിക്കരിച്ച് നടപടിയെടുക്കാന്‍ അവര്‍ക്കും ധൈര്യമില്ല. പാടശേഖരത്തിന് സമീപം എട്ടു മീറ്റര്‍ വീതിയില്‍ നിലംനികത്തി റോഡ് നിര്‍മ്മിക്കാന്‍ സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമിച്ചിരുന്നു. സന്തോഷിന്റെ നിലത്തിലൂടെയായായിരുന്നു ഇത്. ഭൂമി വിട്ടുകൊടുത്താല്‍ ഒരേക്കറോളം നിലം നഷ്ടമാകും. തന്റെ ജീവിത മാര്‍ഗമായതിനാല്‍ ഇത്രയും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്ന് സന്തോഷ് അറിയിച്ചു. ഇതാണ് സിപിഎം പ്രകോപനത്തിന് കാരണം.
നെല്ല് ചുമക്കാന്‍ തയ്യാറാകാതെ സമ്മര്‍ദ്ദം ചെലുത്തി സന്തോഷിനെ വരുതിയിലാക്കുകയാണ് സിപിഎം ലക്ഷ്യം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം, വേനല്‍മഴ, വെള്ളപ്പൊക്കം തുടങ്ങി നിരവധി പ്രതിസന്ധികള്‍ അതിജീവിക്കുന്ന കര്‍ഷകര്‍ സിപിഎം ഹുങ്കിന് മുന്നില്‍ വീണുപോകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: