വാഷിങ്ങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ശ്രീലങ്കയ്ക്ക് വലിയ തോതില്‍ സഹായം എത്തിച്ച ഇന്ത്യയ്ക്ക് അന്താരാഷ്ട്ര നാണയ നിധി( ഐഎംഎഫ്)യുടെ പ്രശംസ. ഇന്ത്യയുടെ സഹായങ്ങളെ പ്രകീര്‍ത്തിച്ച ഐഎംഎഫ് എംഡി ക്രിസ്റ്റലീന ജോര്‍ജ്ജിയേവ, ശ്രീലങ്കയ്ക്ക് സഹായങ്ങള്‍ എത്തിക്കുമെന്നും വ്യക്തമാക്കി. ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി ഐഎംഎഫ്, ലോകബാങ്ക് മേധാവികള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യയെ പ്രശംസിച്ചത്.
എണ്ണവില കുത്തനെ കൂടുന്നത് ആഗോളതലത്തില്‍ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ച നിര്‍മ്മലയും ജോര്ജ്ജിയേവയും ശ്രീലങ്കയിലെ പ്രതിസന്ധി വിശദമായി ചര്‍ച്ച ചെയ്തു. ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന് മികച്ച രീതിയില്‍ മുന്നേറുന്നതിനെ അഭിനന്ദിച്ച ജോര്‍ജ്ജിയേവ, ഇന്ത്യ പാവപ്പെട്ട രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കിയതിനെയും പ്രകീര്‍ത്തിച്ചു. മികച്ച സാമ്പത്തിക നയം കാരണമാണ് പ്രതിസന്ധിയുടെ കാലത്തും ഇന്ത്യയുടെ സമ്പദ് രംഗം ശക്തമായി നിലകൊള്ളുന്നതെന്നും അവര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യ നടത്തുന്ന വലിയ തോതിലുള്ള മൂലധനനിക്ഷേപമാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന് വിശദീകരിച്ചു. ലോകബാങ്ക് സമ്മേളനം, ജി 20 ധനമന്ത്രിമാരുടെ സമ്മേളനം, സാമ്പത്തിക കര്‍മ്മ ദൗത്യ സേനാ യോഗം എന്നിവയില്‍ പങ്കെടുക്കാനാണ് നിര്‍മ്മല യുഎസില്‍ എത്തിയത്. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ധനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്ന അവര്‍ ലോകബാങ്ക് പ്രസിഡന്‍ഡ് ഡേവിഡ് മല്പ്പാസുമായും ചര്‍ച്ച നടത്തും. വാഷിങ്ങ്ടണിലെ ചര്‍ച്ചകള്‍ക്കു ശേഷം ഏപ്രില്‍ 24ന് സാന്‍ ഫ്രാന്‍സിസ്കോയില്‍ എത്തുന്ന ധനമന്ത്രി ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ചകള്‍ നടത്തും.സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളുമായും അധ്യാപകരുമായും സംവദിക്കും. 27ന് അവര്‍ മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: