കോട്ടയം: തസ്തിക എന്തുമാകട്ടെ ബോട്ടുമായി ബന്ധപ്പെട്ട് ഏത് ജോലിയും ചെയ്യാന്‍ സ്രാങ്ക് ആദര്‍ശ് കുപ്പപ്പുറം തയ്യാര്‍. സംസ്ഥാന ജല ഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിലെ സ്രാങ്കായി ജോലി ചെയ്യുകയാണ് ആദര്‍ശ്.
പലരും ജോലി ചെയ്യാതിരിക്കാന്‍ കാരണം തേടുന്ന വര്‍ത്തമാന കാലത്തിലാണ് ആദര്‍ശ് എന്ന യുവാവ് വേറിട്ട പാതയിലൂടെ യാത്ര ചെയ്ത് വ്യത്യസ്തനാകുന്നത്. ബോട്ട് സര്‍വ്വീസ് നടത്തിപ്പിന്റെ ഭാഗമായി ലാസ്ക്കറായും, ബോട്ട് മാസ്റ്ററായും, ബോട്ട് ഡ്രൈവറായും ജോലി ചെയ്തു. ജലഗതാഗത വകുപ്പില്‍ 2010ല്‍ ആശ്രിത നിയമനത്തില്‍ സ്രാങ്ക് തസ്തികയില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ആദര്‍ശ് എടത്വ, കാവാലം, നെടുമുടി, ആലപ്പുഴ, ചങ്ങനാശേരി, എറണാകുളം സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
സ്രാങ്ക് തസ്തികയില്ലുള്ളവര്ക്ക് സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യാത്തതുകൊണ്ട് സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഏത് പ്രതികൂല കാലാവസ്ഥയിലും യാത്രക്കാരുടെയും, ബോട്ടിന്റെയും സുരക്ഷ കാത്തുസൂക്ഷിക്കുന്ന സ്രാങ്കുമാര്‍ വകുപ്പിന്റെ നട്ടെല്ലാണെന്നു തന്നെ വിശേഷിപ്പിക്കാം. ദീര്‍ഘകാലം ജലഗതാഗത വകുപ്പില്‍ ജോലി ചെയ്തുവരുന്ന സ്രാങ്കുമാര്‍ സര്‍വ്വീസില്‍ കയറിയ തസ്തികയില്‍ തന്നെ വിരമിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. വകുപ്പില്‍ കാക്കിയെന്നോ, നീലയെന്നോ, നോക്കാതെ ജോലി ചെയ്യുന്ന സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം ലഭിക്കേണ്ടതാണ്. വകുപ്പിലെ സ്പെഷല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിന്നുള്ള നിര്‍ദേശം പിഎസ്സിയുടെ പരിഗണനയിലാണ്. പിഎസ്സി അംഗീകാരം ലഭിക്കുന്നതിന്നുള്ള കാലതാമസം ഒഴിവാക്കി പുതിയ സ്പെഷല്‍ ഭേദഗതി ചെയ്തു സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം നല്‍കണമെന്നാണ് സ്രാങ്ക് അസോസിയേഷന്റെ കാലാകാലങ്ങളായുള്ള ആവശ്യം.
സംസ്ഥാന ജല ഗതാഗത വകുപ്പിലെ സ്പെഷല്‍ റൂള്‍ കഴിഞ്ഞ 16 വര്‍ഷമായി നിയമ വകുപ്പ്, ഗതാഗത വകുപ്പ്, പിഎസ്സി എന്നിവടങ്ങളിലായി കറങ്ങി നടക്കുകയാണ്. ഇത് അടിയന്തരമായി ഭേദഗതി ചെയ്ത് സ്രാങ്കുമാര്‍ക്ക് സ്ഥാനകയറ്റം ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് സ്രാങ്ക് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ആദര്‍ശ് കുപ്പപ്പുറം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: