ദല്‍ഹിയിലെ ജഹാംഗീര്‍പുരിയിലും ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലും ഹനുമദ് ജയന്തി ശോഭായാത്രകള്‍ക്കു നേരെ നടന്ന ആക്രമണങ്ങള്‍ മതപരമായ അസഹിഷ്ണുത പുലര്‍ത്തുന്നവര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. രാജ്യതലസ്ഥാനത്തെ ജഹാംഗീര്‍പുരിയില്‍ ശോഭായാത്ര കടന്നുപോകുമ്പോള്‍ റോഡിനു സമീപത്തെ മുസ്ലിം പള്ളിയില്‍ നിന്ന് ആക്രമണമുണ്ടാവുകയായിരുന്നു. ആദ്യം പള്ളിയില്‍നിന്ന് കല്ലേറു തുടങ്ങുകയും പിന്നീട് തൊട്ടടുത്ത വീട്ടില്‍ ശേഖരിച്ചു വച്ചിരുന്ന ഇഷ്ടികകളും കുപ്പികളുമൊക്കെ ശോഭായാത്രക്കുനേരെ വലിച്ചെറിയുകയുമായിരുന്നു. അന്‍സാര്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിടുകയും ചെയ്തു. അക്രമികളിലൊരാളുടെ വെടിയേറ്റ് ഒരു പോലീസുകാരന് ഗുരുതരാവസ്ഥയിലാണ്. അക്രമികളെ പോലീസ് അടിച്ചമര്‍ത്തുകയും ഇരുപതിലേറെപ്പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം പള്ളിക്കു മുന്നിലൂടെ ഹനുമദ് ജയന്തി ശോഭായാത്ര കടന്നുപോയതാണ് കുര്‍ണൂലിലെ ഹൊളഗുണ്ട ഗ്രാമത്തിലും അക്രമത്തിനിടയാക്കിയത്. ഇവിടെയും നിരവധി പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാമനവമി പൂജകള്‍ക്കും ഘോഷയാത്രകള്‍ക്കും നേരെ മതതീവ്രവാദികള്‍ സംഘടിതമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹനുമദ് ജയന്തി ശോഭായാത്രകളും ആക്രമിക്കപ്പെട്ടത്.
ജഹാംഗീര്‍പുരിയിലേതിനു സമാനമായ വര്‍ഗീയകലാപം 2020 ല്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ അരങ്ങേറുകയുണ്ടായി. പൗരത്വനിയമ ഭേദഗതിയുടെ പേരിലായിരുന്നു ഇത്. അന്നും നേരത്തെ ശേഖരിച്ചുവച്ച കല്ലുകളും പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികള്‍ വെടിയുതിര്‍ക്കുകയും, ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്തു. പെട്ടെന്നുള്ള എന്തെങ്കിലും പ്രകോപനത്തിന്റെ പേരിലല്ല ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. എല്ലാ ആക്രമണങ്ങള്‍ക്കും പൊതു സ്വഭാവമുണ്ട്. ഏതുവിധത്തിലാണെങ്കിലും പ്രകോപനമുണ്ടാക്കി അക്രമത്തിലേക്കും വര്‍ഗീയകലാപത്തിലേക്കും സ്ഥിതിഗതികള്‍ എത്തിക്കുകയാണ്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് വിവാദം കുത്തിപ്പൊക്കി സമാധാനാന്തരീക്ഷം തകരാറിലാക്കിയ സംഭവം ആരും മറന്നിട്ടില്ല. രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണ് ഈ അക്രമങ്ങളുടെയെല്ലാം ആത്യന്തിക ലക്ഷ്യം. ഇതിന് ചില വിദേശ ശക്തികളുടെ പിന്‍ബലവും ലഭിക്കുന്നു. ദല്‍ഹി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാവുകയുണ്ടായി. ചില വ്യക്തികളും സംഘടനകളും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായും, ഇവര്‍ക്ക് വന്‍തോതില്‍ സാമ്പത്തിക സഹായം ലഭിച്ചതായും തെളിഞ്ഞു. ഇതിലുള്‍പ്പെട്ട പലര്‍ക്കും ഇതുവരെ കോടതികള്‍ ജാമ്യം പോലും നല്‍കിയിട്ടില്ല. സമൂഹത്തില്‍ മതപരമായ ചേരിതിരിവും ധ്രുവീകരണവുമുണ്ടാക്കി അക്രമത്തിലേക്ക് നയിക്കുകയെന്നതാണ് രീതി. ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയും ഇതിന് ലഭിക്കുന്നു. അക്രമത്തിനു പിന്നിലെ യഥാര്‍ത്ഥ കാരണം മൂടിവയ്ക്കുന്നതില്‍ ഈ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.
രാജ്യത്ത് പലയിടത്തും വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണെന്നും ആരോപിച്ച് കോണ്‍ഗ്രസ്സും സിപിഎമ്മും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ അടുത്തിടെ ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. മതത്തിന്റെ പേരില്‍, ന്യൂനപക്ഷ സംരക്ഷകര്‍ ചമഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നവര്‍ തന്നെയാണ് അതിനെതിരെ പരാതിപ്പെടുന്നതും എന്നതാണ് ഇതിലെ വിരോധാഭാസം. ബിജെപിയുടെ ഭരണത്തിന് കീഴില്‍ രാജ്യത്ത് മതപരമായ സംഘര്‍ഷങ്ങളും വര്‍ഗീയ കലാപങ്ങളുമൊക്കെ ഇല്ലാത്തത് പ്രതിപക്ഷത്തെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. ഉത്തര്‍പ്രദേശുള്‍പ്പെടെ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മതന്യൂനപക്ഷങ്ങളില്‍നിന്ന് വലിയ തോതില്‍ പിന്തുണ ലഭിച്ചതും ഇക്കൂട്ടരെ അസ്വസ്ഥരാക്കുന്നു.
സമാധാനവും മതസൗഹാര്‍ദ്ദവും നിലനിന്നാല്‍ രാജ്യം കൂടുതല്‍ പുരോഗതിയിലേക്കു നീങ്ങുമെന്നും, ആഗോളതലത്തില്‍ ഭാരതത്തിന്റെ പ്രതിച്ഛായ വര്‍ധിക്കുമെന്നും മനസ്സിലാക്കിയാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കേന്ദ്രസര്‍ക്കാരിനെതിരെ നീങ്ങുന്നത്. അധികാരം നഷ്ടമായി സംഘടനാപരമായും രാഷ്ട്രീയമായും തകര്‍ന്ന ഇക്കൂട്ടര്‍ പ്രസക്തി വീണ്ടെടുക്കാന്‍ കുറുക്കുവഴി തേടുകയാണ്. കോണ്‍ഗ്രസ്സിന്റെയും ഇടതുപാര്‍ട്ടികളുടെയും നേതൃത്വത്തില്‍ നടന്ന പത്ത് വര്‍ഷത്തെ യുപിഎ ഭരണം രാജ്യത്തിന് വരുത്തിവച്ച വിനകളെക്കുറിച്ച് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. രാജ്യത്തെ വിഭവങ്ങളുടെ പ്രാഥമികാവകാശം മുസ്ലിങ്ങള്‍ക്കാണെന്നു പറഞ്ഞവര്‍ ഇനിയൊരിക്കലും അധികാരത്തില്‍ തിരിച്ചുവരാന്‍ പോകുന്നില്ല. മതപ്രീണനത്തിന്റെയും അഴിമതിയുടെയും ആ നാളുകളിലേക്ക് തിരിച്ചുപോകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: