തിരുവനന്തപുരം: കേരളത്തെ കാശ്മീരാക്കാനുള്ള പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയ്ക്ക് സിപിഎം പിന്തുണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയത പോലെ അപകടമല്ലെന്ന മന്ത്രി എംവി ഗോവിന്ദന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. പോപ്പുലര്‍ ഫ്രണ്ട് നാടിന്റെ സമാധാനം നശിപ്പിക്കുമ്പോള്‍ സിപിഎം അവരെ അനുകൂലിച്ച് രംഗത്ത് വരുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുകയാണെന്നും തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഗോവിന്ദന്റെ പ്രസ്താവനയിലൂടെ പുറത്ത് വന്നിരിക്കുന്നത്. രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ ന്യൂനപക്ഷ ഭീകരവാദം കുഴപ്പമില്ല എന്ന് പറയുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. രാജ്യ വ്യാപകമായി ഇസ്ലാമിക ഭീകരര്‍ ആക്രമണം നടത്തുന്നതിന്റെ തുടര്‍ച്ചയാണ് കേരളത്തിലും കാണുന്നത്. രാമനവമി ദിനത്തിലും ഹനുമാന് ജയന്തി ദിനത്തിലും വിശ്വാസികളെ രാജ്യത്തിന്റെ പല ഭാഗത്തും ആക്രമിച്ചത് പോപ്പുലര്‍ ഫ്രണ്ടാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര മതഭീകരവാദത്തിന്റെ ഇന്ത്യയിലെ ഏജന്‍സിയായ പോപ്പുലര്‍ ഫ്രണ്ടിനെ സിപിഎം സഹായിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ച് വര്‍ഗീയ കലാപം നടത്തി രാജ്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന സംഘടനയെ പരസ്യമായി വെള്ളപൂശുകയാണ് സിപിഎം. പുതിയ രാഷ്ട്രീയ സാഹചര്യമാണോ സിപിഎമ്മിനെ ഇങ്ങനെ ചിന്തിപ്പിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കണം. പോപ്പുലര്‍ ഫ്രണ്ട് ആര്‍എസ്എസ്സിനും ബിജെപിക്കും മാത്രമല്ല ഈ നാടിന് തന്നെ ഭീഷണിയാണെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
സഞ്ജിത്ത് വധകേസില്‍ സിബിഐ അന്വേഷണത്തിനെതിരായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത് പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാനാണ്. പാലക്കാട് ആശുപത്രിയില്‍ കാവി മുണ്ടുടുത്ത ഒരാളെ കൊല്ലെടാ എന്നും പറഞ്ഞ് ആക്രമിച്ച ഭീകരവാദികളെ പിന്തുണയ്ക്കുന്നതിലൂടെ സിപിഎം എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് നല്‍കുന്നതെന്ന് സുരേന്ദ്രന് ചോദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് സംസ്ഥാനത്ത് എല്ലാ സ്ഥലത്തും ആസൂത്രിതമായ ആക്രമണം നടത്താന്‍ സാധിക്കുന്നത് പൊലീസിന്റെ നിഷ്ക്രിയത്വം കൊണ്ടാണെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: