തിരുവനന്തപുരം: എത്ര സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്നും കെഎസ്ഇബി ചെയര്‍മാനെതിരെ ഭീഷണിയുമായി സിഐടിയു. സമരം ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ ചെയര്മാന് ബി. അശോക് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ഈ പരാമര്‍ശം.
ജനാധിപത്യപരമായി സമരം ചെയ്യുന്ന വനിതകളേയും ട്രേഡ് യൂണിയന് നേതാക്കളേയും പരിഹസിക്കുകയാണെങ്കില്‍ ചുട്ടമറുപടി നല്കാന് അറിയാം. എത്ര സുരക്ഷയ്ക്കുള്ളില്‍ ഇരുന്നാലും ചെയര്‍മാന്റെ വീട്ടില്‍ കയറി മറുപടി പറയാന്‍ അറിയാമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി.കെ. മധു പറഞ്ഞു.
ജനങ്ങളിറങ്ങിയാല്‍ അശോകിന് കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല. ഉത്തരേന്ത്യയിലെ ഏതെങ്കിലും ഗോശാലയില്‍ ചെയര്‍മാനായി ഇരിക്കേണ്ട ആളാണ് അശോക്. നല്ല കാളകള്‍ക്ക് നല്ല ഡിമാന്റാണെന്നും മധു പരിഹസിച്ചു.
നേരത്തെ സമരം നടത്തിയ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളുടെ സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും ഇവരെ ചെയര്മാന് സ്ഥലം മാറ്റിയിരുന്നു. അതിനു പിന്നാലെ പൊതുചടങ്ങില്‍ പങ്കെടുക്കവേ സമരം ചെയ്യുന്നവരെ പരിഹസിച്ചുകൊണ്ട് ചെയര്മാന് പ്രസ്താവന നടത്തിയിരുന്നു.
അതേസമയം ദിവസങ്ങളായുള്ള സമരം കടുപ്പിക്കാനാണ് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. ഈ മാസം 19 ന് വൈദ്യുതി ഭവന് ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമര നീണ്ട് പോകുന്നതോടെ സിപിഎം മുഖേന പ്രശ്ന പരിഹാരത്തിനായി അസോസിയേഷന് ശ്രമിച്ചെങ്കിലും ഔദ്യോഗിക ചര്‍ച്ചയ്ക്കില്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ നിലപാട്. ചെയര്മാന് മന്ത്രിയുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: