ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വമ്പന്മാര്ക്ക് യൂറോപ്പിന്റെ രാജാക്കന്മാരാവാന് രണ്ട് കടമ്പകള്‍ കൂടി ബാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം നോട്ടമിട്ട് പറക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗിലും തേരോട്ടം തുടരുന്നു. ക്വാര്‍ട്ടറും കടന്ന് സെമിയിലേക്ക് യോഗ്യത നേടിയ ഇരു സംഘവും ഇരട്ടിമധുരമാണ് ലക്ഷ്യമിടുന്നത്.
അത്ലറ്റികോയെ അവരുടെ മൈതാനത്ത് സിറ്റി പിടിച്ചുകെട്ടുമ്പോള്‍ ആവേശം വാനോളം. ഒരു ഗോളിന്റെ മാത്രം ലീഡില്‍ ആദ്യ പാദം അവസാനിപ്പിച്ച് രണ്ടാ പാദത്തിനിറങ്ങിയ സിറ്റി, പ്രതിരോധത്തില്‍ കോട്ട കെട്ടുകയായിരുന്നു. അത്ലറ്റികോയുടെ മണ്ണില്‍ ആരാധകരുടെ ആരവത്തെ മറികടന്ന് സിറ്റി സമനില പിടിച്ചു. ഗോള്‍രഹിത സമനിലയില്‍ ഇരു ടീമും കളി മതിയാക്കിയതോടെ ആദ്യ പാദത്തിലെ മേല്‍ക്കൈയില്‍ സിറ്റി സെമിയിലേക്ക്. അത്ലറ്റികോയ്ക്ക് വീണ്ടും ഒരു ക്വാര്‍ട്ടര്‍ തോല്‍വി.
മാഡ്രിഡില്‍ സിറ്റിയെ നേരിടുമ്പോള്‍ അത്ലറ്റികോ പലപ്പോഴും പരുക്കന്‍ സ്വഭാവമെടുത്തു. ടാക്കിളുകള്‍ കൈവിട്ടുപോകുന്ന തലത്തില്‍ കടുത്തതായി. റഫറി തുടരെ മഞ്ഞ കാര്‍ഡുകള്‍ പുറത്തെടുത്തു. അഗസ്റ്റെ ഫെലിപ് ഇടക്ക് ചുവപ്പ് കിട്ടി പുറത്തുപോയി. ലോറന്റെയും സാവിച്ചും മഞ്ഞ കാര്‍ഡുകള്‍ കണ്ടു. മറുവശത്ത് സിറ്റിയും മോശമാക്കിയില്ല. ഇടിക്ക് തിരിച്ചടി നല്കി കളി കടുപ്പിച്ചു. ഒടുവില്‍ പന്ത് കൈവശം വച്ച് കളിയില്‍ മേധാവിത്തം നേടിയ സിറ്റി സമനിലയില്‍ കളി തീര്‍ത്തു.
ഇപ്പുറത്ത് അടിക്ക് തിരിച്ചടി നല്കി ലിവര്‍പൂളും ബെന്‍ഫിക്കയും ഗോളടി മേളം നടത്തി. ആകെ പിറന്നത് ആറ് ഗോളുകള്‍. മൂന്ന് വീതം ഇരു ടീമും നേടിയെങ്കിലും ആദ്യ പാദത്തിലെ രണ്ട് ഗോളിന്റെ ലീഡ് ലിവര്‍പൂളിന് ആധികാരിക മുന്നേറ്റം നല്കി. ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ വിജയിച്ചത്. രണ്ടാം പാദം ചുവന്നു തുടുത്ത ആന്‍ഫീല്‍ഡില്‍ അണെന്നത് ലിവര്‍പൂളിന് ശക്തിയായിരുന്നു. എന്നാല്‍ ഓരോ ഗോള്‍ നേടുമ്പോഴും മറുപടി ബെന്‍ഫിക്ക നല്കിക്കൊണ്ടിരുന്നത് ആവേശം ഉയര്‍ത്തി. ഒടുവില്‍ 6-4ന്റെ ലീഡില്‍ ലിവര്‍പൂള്‍ സെമിയിലേക്ക്.
റോബര്‍ട്ടോ ഫെര്‍മീനോയുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന് കരുത്തായത്. ഇബ്രാഹിമ കോനാട്ടെ (21), ഫെര്‍മിനോ (55, 65) ലിവര്‍പൂളിനായി ഗോള്‍ നേടി. ഗോണ്‍സാലോ റാമോസ് (32), റോമന്‍ യാരേചുക് (73), ഡാര്വിന് നൂനസ് (81) ബെന്‍ഫിക്കയ്ക്ക് സമനില നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: