ന്യൂദല്‍ഹി: വിസ്മയ വിജയങ്ങളുമായി സൈനയുടെ പുഞ്ചിരി ഇനിയുണ്ടാകമോ? കോര്‍ട്ടില്‍ അതുല്യ പ്രകടനവുമായി ആരാധകരെ പുളകം കൊള്ളിച്ച, രാജ്യത്തിന് ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച സൈന നേവാളിന്റെ കരിയര്‍ അവസാനഘട്ടത്തിലേക്കോ? ഇപ്പോഴത്തെ ഒരു തീരുമാനം ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടുന്നു.
ഈ വര്‍ഷം അരങ്ങേറുന്ന കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കുള്ള ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെ സെലക്ഷന് ട്രയല്സിനില്ലെന്ന് സൈന ബാഡ്മിന്റണ്‍ അസോസിയേഷനെ അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്കും, സമീപകാലത്തെ മോശം പ്രകടനങ്ങളുമാണ് ഈയൊരു തീരുമാനത്തിലേക്ക് 32 വയസിലെത്തിയ സൈനയെ എത്തിച്ചത്. ഇതോടെ, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍ക്കും തോമസ്-യൂബര്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനുമുള്ള ടീമുകളില്‍ സൈനയുണ്ടാകില്ലെന്ന് ഉറപ്പായി.
നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ 15 സ്ഥാനങ്ങളിലുള്ളവരെ നേരിട്ട് ടീമിലേക്ക് പരിഗണിക്കും. 16 മുതല്‍ 40 വരെ സ്ഥാനങ്ങളിലുള്ളവര്‍ 15 മുതല്‍ 20 വരെ ന്യൂദല്‍ഹിയില്‍ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കണം. റാങ്കിങ്ങില്‍ 23ലുള്ള സൈനയ്ക്ക് ട്രയല്‍സില്‍ പങ്കെടുത്ത് വിജയിച്ചാല്‍ മാത്രമെ യോഗ്യത നേടാനാകൂ. ഇതോടെയാണ് സൈനയുടെ കരിയറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
ഒരുകാലത്ത് ലോക റാങ്കിങ്ങില്‍ മുന്‍നിരയിലെത്തിയ സൈന, 2012 ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കലം നേടി. 2010, 2018 കോമണ്‍വെല്‍ത്ത് സ്വര്‍ണവും സ്വന്തമാക്കി. റിയൊ ഒളിമ്പിക്സിന് മുമ്പ് കാലിനേറ്റ പരിക്കാണ് സൈനയ്ക്ക് തിരിച്ചടിയായത്. അതിനു ശേഷം മികച്ച പ്രകടനത്തിനായിട്ടില്ല. കഴിഞ്ഞ വര്‍ഷം യൂബര്‍ കപ്പ് ഫൈനലില്‍ തോറ്റിരുന്നു. അതിനു ശേഷം ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ പരിക്ക് ഗുരുതരമായി പിന്മാറേണ്ടി വന്നു. പിന്നീട് ഈ വര്‍ഷം ഇന്ത്യ ഓപ്പണില്‍ വളര്‍ന്നുവരുന്ന ഇന്ത്യന്‍ താരം മാളവിക ബെന്സോദിനോട് രണ്ടാം റൗണ്ടില്‍ തോറ്റു. കഴിഞ്ഞ മാസം ജര്‍മന്‍, ഓള് ഇംഗ്ലണ്ട്, സ്വിസ് ഓപ്പണുകളില്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും സൈനയുടെ തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: