കോട്ടയം: തിരുനക്കര ബസ് സ്റ്റാന്റിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി കടമുറി ഒഴിയാന്‍ വ്യാപാരികള്‍ക്ക് നോട്ടീസ് നല്കി.
ഈ മാസം 14ന് കടമുറി ഒഴിയാനാണ് സ്റ്റാന്റിലെ 52 വ്യാപാരികള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കിയത്. 53 വ്യാപാരികളില്‍ 52 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ബാറിനെ ഒഴിപ്പിക്കലില്‍ നിന്നും ഒഴിവാക്കി. ഇതോടെ വര്‍ഷങ്ങളായി ഇവിടെ വ്യാപാരം നടത്തി വരുന്നവര്‍ ആശങ്കയിലാണ്.
കൊവിഡിന് ശേഷം വലിയ പ്രതിസന്ധിയില്‍ നില്ക്കുന്ന വ്യാപാരികള്‍ക്കാണ് നഗരസഭയുടെ ഇരുട്ടടി നേരിട്ടത്. ഏതാണ്ട് എല്ലാ വ്യാപാരികളും കടത്തിന്റെ നടുവിലാണ് നില്‍ക്കുന്നത്. കെട്ടിടം പൊളിക്കുക എന്ന അജണ്ട മുന്‍ നിര്‍ത്തിയാണ് നഗരസഭയുടെ പ്രവര്‍ത്തനമെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്.
കെട്ടിടത്തിന്റെ ബലക്ഷയത്തെ കുറിച്ച് നടത്തിയ പഠനം പോലും ശാസ്ത്രീയമല്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. നഗരസഭയുടെ വിവിധ അദ്ധ്യക്ഷന്മാര് കാലാകാലങ്ങളില്‍ നിര്‍മ്മിച്ചതാണ് ഇപ്പോള്‍ കാണുന്ന തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം.
കെട്ടിടത്തിന്റെ ബലക്ഷയത്തില്‍ സംശയം തോന്നി ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയില്‍ പോലും ഗൂഢാലോചന നടന്നതായും ഹൈക്കോടതിയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് കെട്ടിടം പൊളിക്കാന്‍ വിധി സമ്പാദിച്ചതെന്നും വ്യാപാരികള്‍ ആരോപിക്കുന്നു.
ബദല്‍ സംവിധാനം ഒരുക്കാതെ പെട്ടെന്ന് കടമുറി ഒഴിയാന്‍ നോട്ടീസ് നല്കിയ നഗരസഭയുടെ നടപടിയില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുനില്‍ക്കുകയാണ് വ്യാപാരികള്‍. വ്യാപാരികള്‍ക്ക് ഇനി സുപ്രീംകോടതിയെ ആശ്രയിക്കുകയോ നിര്വ്വഹമുള്ളു. അതിന് ഭീമമായ പണം ആവശ്യമാണെന്നും ആകെ തകര്‍ന്ന് നില്ക്കുന്ന വ്യാപാരികല്ക്ക് അത് സാദ്ധ്യമല്ലെന്നുമാണ് വ്യാപാരികളുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: