ന്യൂദല്‍ഹി: വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി( 2020) സുപ്രീംകോടതി ശരിവച്ചു. ഭേദഗതിയില്‍ ഭരണഘടനാപരമായി തെറ്റൊന്നുമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ ആര്‍ക്കും പരിപൂര്‍ണ്ണമായ അവകാശമൊന്നുമില്ലെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ നിരവധി സന്നദ്ധ സംഘടനകള്‍ വലിയ തോതില്‍ വിദേശ സംഭാവന സ്വീകരിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കണക്കോ നിയന്ത്രണമോ ഒന്നും പലപ്പോഴും ഉണ്ടാവാറുമില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിയമം ഭേദഗതിചെയ്തത്.
വിദേശ പണം സ്വീകരിക്കാന്‍ ഒരു പൗരനും പരമമായ അവകാശമില്ല. അത് കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ കാര്യമാണ്. വിദേശ സംഭാവന പരിപൂര്‍ണ്ണമായും നിരോധിക്കണമോയെന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനിക്കാം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
രാജ്യത്ത് സംഭാവനകള്‍ നല്കാന് തയ്യാറാകുന്നവര്‍ ധാരാളമുണ്ട്. അതിനാല്‍ രാജ്യത്തിനുള്ളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ കോടതി സന്നദ്ധ സംഘടനകളോട് അഭ്യര്‍ഥിച്ചു. അങ്ങനെ വന്നാല്‍ വിദേശ രാജ്യങ്ങളുടെ സ്വാധീനവും കുറഞ്ഞുകൊള്ളും. വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ നയങ്ങളെ വരെ ബാധിക്കാം. അതു വഴി രാഷ്ട്രീയ ആശയങ്ങള്‍ വരെ നമ്മില്‍ അടിച്ചേല്‍പ്പിക്കാം. അതിനാല്‍ വിദേശ സംഭാവന പരമാവധി കുറയ്ക്കണം, കോടതി വ്യക്തമാക്കി. എന്നാല്‍ വിദേശ സംഭാവനയ്ക്ക് അനുമതി ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് വേണമെന്ന ഉപാധി വേണമെങ്കില്‍ മാറ്റാം, പകരം പോസ്പോര്ട്ടായാലും മതി. കോടതി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: