കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ വിലക്ക് മറികടന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എറണാകുളം എംപിയുമൊക്കെയായ കെ.വി. തോമസ് കണ്ണൂരില്‍ നടക്കുന്ന സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ തിരിച്ചടിയും നാണക്കേടുമുണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടക്കുന്ന സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണമാണ് കെ.വി. തോമസ് സ്വീകരിച്ചതെങ്കിലും അത് സിപിഎമ്മിലേക്കുള്ള പ്രവേശനമാണെന്ന് ഏറെക്കുറെ വ്യക്തമാണ്. കോണ്‍ഗ്രസ് വിടുവാനുള്ള കാരണമായി തോമസ് പറയുന്നതൊന്നും അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. കോണ്‍ഗ്രസ്സില്‍നിന്നുകൊണ്ട് കഴിയാവുന്നതൊക്കെ നേടിയെടുത്തശേഷം ഇനി അതിനുള്ള സാധ്യതയില്ലെന്ന് തിരിച്ചറിഞ്ഞാണ് തോമസിന്റെ കൂടുമാറ്റം. സ്ഥാനമാനങ്ങള്‍ എങ്ങനെയൊക്കെ നേടിയെടുക്കണമെന്നും അതിന് ആരെയൊക്കെ പ്രീതിപ്പെടുത്തണമെന്നും തോമസിനെ ആരും പഠിപ്പിക്കേണ്ടതില്ല. കുമ്പളങ്ങിക്കാരനായ തോമസിന്റെ ജീവചരിത്രംതന്നെ ഇത്തരം പ്രീതിപ്പെടുത്തലിന്റെയും അതുവഴി ഒന്നിനു പിറകെ ഒന്നായി സ്ഥാനമാനങ്ങള്‍ ലഭിച്ചതിന്റെയും ചരിത്രമാണ്. ഡിന്നര്‍ ഡിപ്ലോമസി മുതല്‍ ജീവചരിത്രരചന വരെ തരാതരംപോലെ അടവുകള്‍ ഇതിനുവേണ്ടി പുറത്തെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ രാജ്യസഭയിലേക്ക് പോകാനുള്ള ശ്രമം പരാജയപ്പെട്ടതോടെയാണ് ഇനി സിപിഎമ്മിനൊപ്പമെന്ന് തോമസ് ഉറപ്പിക്കാന്‍ കാരണം.
പാര്‍ട്ടി കോണ്‍ഗ്രസ്സിലേക്കല്ല, സിപിഎം എന്ന പാര്‍ട്ടിയിലേക്കു തന്നെയാണ്കെ.വി. തോമസ് പോകുന്നതെന്ന് അറിയാവുന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും നിയമസഭാ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കലിതുള്ളുകയാണ്. അധികാരമോഹിയും വഞ്ചകനുമായ തോമസിനെതിരെ പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് നടപടിയെടുക്കുമെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അതേസമയം തനിക്കെതിരെ നടപടിയെടുക്കാന്‍ എഐസിസിക്കു മാത്രമാണ് അധികാരമുള്ളതെന്നാണ് തോമസിന്റെ പക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് ശശി തരൂരിനെയും തോമസിനെയും വിലക്കിയത് ഹൈക്കമാന്‍ഡാണ്. തരൂര്‍ ആ വിലക്ക് അനുസരിച്ചപ്പോള്‍ തോമസ് അത് ലംഘിച്ചു. തീര്‍ച്ചയായും നടപടിയെടുക്കേണ്ടത് ഹൈക്കമാന്‍ഡാണ്. പക്ഷേ ഇതേ ഹൈക്കമാന്‍ഡ് പറയുന്നത് കെപിസിസിയോട് നടപടിയെടുക്കാനാണ്. തനിക്കെതിരെ രോഷാകുലരാകുന്ന കോണ്‍ഗ്രസ് നേതാക്കളോട് തോമസ് ചോദിക്കുന്നതില്‍ കാര്യമുണ്ട്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സും സിപിഎമ്മും ഒറ്റക്കെട്ടാണ്. നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് പാര്‍ട്ടികളും തുല്യദുഃഖിതരുമാണ്. തനിക്കാവുന്ന വിധത്തിലൊക്കെ കോണ്‍ഗ്രസ്സിനെ സഹായിക്കുകയെന്ന ദൗത്യമാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. യുപിഎയുടെ ഭാഗമല്ലെങ്കിലും സോണിയയുടെയും രാഹുലിന്റെയും വിശ്വസ്ത സഖ്യകക്ഷിയാണ് സിപിഎം. പാര്‍ലമെന്റിനകത്തും പുറത്തും അന്ധനും മുടന്തനും പോലെ പരസ്പര സഹകരണത്തോടെയാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്.
ഇങ്ങനെയായിരിക്കെ താന്‍ സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത് എന്തിനാണെന്നാണ് തോമസ് ചോദിക്കുന്നത്. ഇതിനു മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയുന്നില്ല. സോണിയയും രാഹുലുമുള്‍പ്പെടെയുള്ളവര്‍ സിപിഎമ്മിന്റെ വേദിയില്‍ പോകുമ്പോള്‍ തനിക്ക് മാത്രം വിലക്കേര്‍പ്പെടുത്തുന്നതിന്റെ യുക്തിയാണ് തോമസ് ചോദ്യംചെയ്യുന്നത്. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗതികേടാണിത്. കേരളത്തില്‍ തങ്ങള്‍ നഖശിഖാന്തം എതിര്‍ക്കുകയാണെന്ന് കെ. സുധാകരനും വി.ഡി. സതീശനെയും പോലുള്ള നേതാക്കള്‍ പറയുന്ന സിപിഎമ്മുമായി കോണ്‍ഗ്രസ്സിന്റെ ദേശീയ നേതൃത്വം ഒറ്റക്കെട്ടാണ്. ബംഗാളിലും ബീഹാറിലും അസമിലുമൊക്കെ ഒറ്റമുന്നണിയായാണ് മത്സരിച്ചത്. എന്നിട്ടും കേരളത്തില്‍ സിപിഎം മുഖ്യശത്രുവാണെന്ന് പറഞ്ഞ് കപടനാടകം കളിക്കുകയാണ് കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ സിപിഎമ്മുമായി ഒരിടത്തും സഖ്യം പാടില്ലെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെടട്ടെ. ഇങ്ങനെ പറഞ്ഞാല്‍ സോണിയയ്ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. എന്നിട്ടും ജനങ്ങളെ പറ്റിക്കാന്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നിരിക്കുന്ന കോണ്‍ഗ്രസ്സിന് ഇനിയൊരു ഭാവിയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. മുങ്ങുന്ന കപ്പലില്‍നിന്ന് അവര്‍ രക്ഷപ്പെടാന്‍ നോക്കുകയാണ്. ഇതുവരെ അഴിമതിക്കാരനും അധികാരമോഹിയും ഇസ്രായേലുമായി കൈകോര്‍ത്ത സയണിസ്റ്റുമായ തോമസിനെ സ്വന്തം കൂടാരത്തിലേക്ക് വിളിച്ചുകയറ്റുന്നതിലൂടെ സിപിഎമ്മിന്റെ കാപട്യവും പുറത്തായിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: