ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് തേരോട്ടം. എതിരാളികളെ വെട്ടിവീഴ്ത്തി ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നിര്‍ണായക ലീഡ് നേടി. പോര്‍ച്ചുഗീസ് ക്ലബ് ബെന്‍ഫിക്കയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്ലോപ്പിന്റെ ലിവര്‍പൂള്‍ തകര്‍ത്തത്. സ്പാനിഷ് കരുത്തരായ അത്ലറ്റികോ മാഡ്രിഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് സിറ്റിയും ലീഡ് നേടി.
ബെന്‍ഫിക്കയുടെ മൈതാനത്ത് തികച്ചും ആധികാരികമായിരുന്നു ലിവര്‍പൂളിന്റെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് മുന്നില്‍. ഇബ്രാഹിമ കൊനാട്ടെ (17), സാദിയോ മാനെ (34) എന്നിവര്‍ വല കുലുക്കി. കളി തീരാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ലൂയിസ് ഡയസ് മൂന്നാം ഗോള്‍ നേടി. 49-ാം മിനിറ്റില്‍ ഡാര്വിന് നൂനസ് ബെന്‍ഫിക്കയ്ക്ക് ആശ്വാസ ഗോള്‍ നല്‍കിയത് രണ്ടാം പാദത്തിന് പ്രതീക്ഷ നല്കുന്നു. ആന്‍ഫീല്‍ഡില്‍ ഈ മാസം 14നാണ് രണ്ടാം പാദം.
കരുത്തരായ അത്ലറ്റികോയെ കെവിന് ഡിബ്രൂയിന്റെ ഗോളിലാണ് സിറ്റി പിടിച്ചുകെട്ടിയത്. തകര്‍ത്തുകളിച്ച സിറ്റിയെ ഗോളടിക്കാതെ ആദ്യ പകുതി പൂട്ടിയ അത്ലറ്റികോ സമനില സ്വപ്നം കണ്ടിരുന്നു. എന്നാല്‍ 70-ാം മിനിറ്റില്‍ ഫില്‍ ഫോഡന്റെ അസിസ്റ്റില്‍ ഡിബ്രൂയിന് ഗോളടിച്ചു. സിറ്റിയുടെ മൈതാനത്ത് അത്ലറ്റികോയെ ഗോളടിക്കാതെ നിര്‍ത്തിയത് രണ്ടാം പാദത്തില്‍ സിറ്റിക്ക് മേല്‍ക്കൈ നല്‍കും. 14ന് രണ്ടാം പാദം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: