കൊച്ചി: ആര്‍എസ്എസിന്റെ വളര്‍ച്ചയും സ്വാധീനവും അജണ്ടയും മനസ്സിലാക്കുന്നതില്‍ സിപിഎം പരാജയപ്പെട്ടെന്ന് 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ പോകുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ബംഗാളിലും ത്രിപുരയിലുമൊക്കെ ആര്‍എസ്എസിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ സിപിഎമ്മിനായില്ല. പാര്‍ട്ടി കേഡറില്‍ വലിയൊരു വിഭാഗം ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ആര്‍എസ്എസിനെ എതിര്‍ക്കുന്നതിന് പകരം പ്രാദേശിക പാര്‍ട്ടികളോടു പൊരുതുകയായിരുന്നു സിപിഎം. ബംഗാളിലും ത്രിപുരയിലും ബിജെപിയുടെ വളര്‍ച്ച തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
ആര്‍എസ്എസിനെക്കുറിച്ചുള്ള പഠനം പാര്‍ട്ടി ക്ലാസുകളില്‍ നിര്‍ബന്ധമാക്കണം. ആര്‍എസ്എസിനെക്കുറിച്ച് കുറിപ്പ് തയ്യാറാക്കാന്‍ പോളിറ്റ് ബ്യൂറോയ്ക്ക് നേരത്തേ കേന്ദ്ര കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ പോളിറ്റ് ബ്യൂറോയ്ക്ക് അതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ പാര്‍ട്ടി ക്ലാസുകളിലും ആര്‍എസ്എസിന്റെ രൂപീകരണം, അവരുടെ പ്രവര്‍ത്തനം, അജണ്ട, അവരെന്താണ് നടപ്പാക്കുന്നത് എന്നിവ സംബന്ധിച്ച് അംഗങ്ങള്‍ക്ക് വിശദമായ ക്ലാസുകളെടുക്കണം.
പല സംസ്ഥാനങ്ങളിലും പാര്‍ട്ടി ഫണ്ട് തിരിമറികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇത് തടയണം. മഹാരാഷ്ട്ര അടക്കം പലയിടങ്ങളിലും പാര്‍ട്ടിയില്‍ വിഭാഗീയതയാണ്. പാര്‍ട്ടി അംഗത്വത്തില്‍ വലിയ ഇടിവുണ്ട്. മൊത്തം ഒന്‍പതു ലക്ഷത്തിലേറെ അംഗങ്ങളാണ് രാജ്യത്തൊട്ടാകെ പാര്‍ട്ടിക്കുള്ളത്. അതില്‍ അഞ്ചു ലക്ഷത്തിലേറെ പേരും കേരളത്തില്‍ നിന്നാണ്. ബംഗാളിലെ അംഗസംഖ്യ ഒന്നര ലക്ഷമായി ഇടിഞ്ഞു. കേരളത്തില്‍ 31 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണത്തില്‍ അര ശതമാനത്തിന്റെ വര്‍ധന മാത്രമാണുള്ളതെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: