കോട്ടയം: ഇഴഞ്ഞുനീങ്ങുന്ന കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് നിര്‍മാണം യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. പണികള്‍ ആരംഭിച്ചിട്ട് നാളുകളായി. പക്ഷേ, എങ്ങുമെത്തിയില്ല. ഇതിനിടയില്‍ അപകടനിലയിലായിരുന്ന പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ ദുരിതം ഇരട്ടിയായി.
ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സ് എന്ന നിലയിലാണ് പുതിയ മന്ദിരത്തിന്റെ നിര്‍മാണം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത നല്‍കുന്നതിനായാണ് പ്രധാന കെട്ടിടം അടുത്തിടെ പൊളിച്ചു തുടങ്ങിയത്. ഇതോടെ ബസ് സ്റ്റേഷനിലെത്തുന്ന യാത്രക്കാര്‍ കൂടുതല്‍ ദുരിതത്തിലായി.
ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് താത്കാലിക ഷെഡുകള്‍ കെട്ടി യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്ന്തിരിയാന്‍ പോലും സൗകര്യമില്ല. പകല്‍ പൊടിശല്യത്താല്‍ യാത്രക്കാരും ജീവനക്കാരും വീര്‍പ്പുമുട്ടുകയാണ്. ഇതിനിടെ വേനല്‍ മഴകൂടി പെയ്തു തുടങ്ങിയതോടെ സ്റ്റാന്റിനുള്ളില്‍ വെള്ളക്കെട്ടുമായി. ഇവിടെ യാത്രക്കാര്‍ക്ക് അല്പമെങ്കിലും ആശ്വാസം പകരുന്നത് മാസക് ആണ്. മാസ്ക് ധരിക്കാന്‍ വിമുഖത പ്രകടിപ്പിക്കുന്നവര്‍ പോലും ഇവിടെ വന്ന് നിന്നാല്‍ സ്വയം മാസ്ക് ധരിച്ചുപോകും. അന്തരീക്ഷം അത്രയ്ക്ക് പൊടിപടലത്താല്‍ നിറഞ്ഞിരിക്കുകയാണ്.
കുടിവെള്ളം പോലും കിട്ടാനില്ലെന്ന പരാതികള്‍ യാത്രക്കാരില്‍ നിന്നും ഉയര്‍ന്നതോടെ അതിന് താത്ക്കാലികമായി സൗകര്യം ഏര്‍പ്പെടുത്തിട്ടുണ്ട്. ബസ് കാത്തുനില്ക്കുന്ന യാത്രക്കാര്‍ക്ക് നിന്ന് തിരിയാന്‍പോലും സൗകര്യമില്ലാത്ത ഷെഡ്ഡിന്റെ വശത്തായി ഒരു താത്ക്കാലിക കട നിര്‍മിച്ച് നല്‍കിയാണ് പരിഹാരം ഉണ്ടാക്കിയിരിക്കുന്നത്.
ഷെഡ്ഡിന്റെ വശങ്ങളില് ബസ് പാര്‍ക്ക് ചെയ്യുന്നതിനാല്‍ സ്റ്റാന്‍ഡിലെത്തുന്ന ബസുകള്‍ യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. പല ബസുകളും സ്റ്റന്‍ഡ് വിടുമ്പോഴാണ് യാത്രക്കാര്‍ അറിയുന്നത്. സ്ഥലം ഇല്ലാത്തതിനാല്‍ മിക്ക ബസുകളും വഴിയിലാണ് നിര്‍ത്തിയിടുന്നത്. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നതായി പരാതികളുണ്ട്.
ഇന്നത്തെ നിലയില്‍ ബസ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി തുറന്നു കൊടുക്കുന്നതുവരെ എന്തായാലും യാത്രക്കാര്‍ ഇതെല്ലാം അനുഭവിക്കേണ്ടതായി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: