ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭരതാ സങ്കല്പത്തെ വാനോളം പുകഴ്ത്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പുറത്തുപോയ മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്. ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി മോദിയുടെ ആത്മനിര്‍ഭര്‍ ഭാരതിനെ പ്രശംസിച്ച് ജയന്തി നടരാജന് മുന്നോട്ട് വന്നിരിക്കുന്നത്. ഇത് അവരുടെ ഭാവി രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണോ എന്ന ഊഹാപോഹങ്ങളും ഉയരുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ശക്തയായ രാഷ്ട്രീയ നേതാവാണ് ജയന്തി നടരാജന്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി പരിസ്ഥിതി അനുകൂല നിലപാടില്‍ നിന്നും കോര്‍പറേറ്റ് അനുകൂല നിലപാടിലേക്ക് മാറി എന്നാരോപിച്ചാണ് അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായ ജയന്തി നടരാജന് മന്ത്രിസ്ഥാനം രാജിവെച്ചത്. വൈകാതെ കോണ്‍ഗ്രസില്‍ നിന്നും രാജി പ്രഖ്യാപിച്ചു. മാധ്യമവിദഗ്ധന്‍ എസ്. ഗുരുമൂര്‍ത്തിയും അരവിന്ദ് ഗുപ്തയും ചേര്‍ന്നെഴുതിയ ‘ആത്മനിര്‍ഭര്‍ ഭാരത്: എ വൈബ്രന്റ് ആന്റ് സ്ട്രോങ് ഇന്ത്യ’- എന്ന ഈയിടെ പുറത്തിറങ്ങിയ പുസ്തകത്തെ വിലയിരുത്തുന്ന ലേഖനത്തിനിടയിലാണ് അവര്‍ മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്പത്തെയും ശ്ലാഘിക്കുന്നത്.
ലോകവുമായി ബന്ധപ്പെട്ടുത്തി ഇന്ത്യയുടെ ഭാവിയെ നമ്മള് പുനര്വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നുവെന്നും അതാണ് മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് സങ്കല്പമെന്നും ജയന്തി നടരാജന് പറഞ്ഞുവെയ്ക്കുന്നു. “ഇന്ത്യയുടെ ഭാവിയ്ക്കുള്ള ചട്ടക്കൂടാണ് മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത്. ആത്മനിര്‍ഭരത ഇന്ത്യ പൊതിഞ്ഞുസംരക്ഷിക്കുന്ന സങ്കുചിത ചിന്താഗതിയല്ല. അത് ഇന്ത്യയെ തനിയെ കാണുന്ന കാഴ്ചപ്പാടുമല്ല. സ്വയം പര്യാപ്തമായ ഇന്ത്യ ലോകത്തെ സ്വന്തമായ കാഴ്ചപ്പാടില്‍ നേരിടുന്ന സങ്കല്പമാണ്”- ജയന്തി നടരാജന് എഴുതുന്നു.
“മഹാത്മാഗാന്ധിയുടെ സ്വദേശി പ്രഖ്യാപനം ഇന്ത്യയെ പിടിച്ചുണര്‍ത്തി. 2022ല്‍ ഇന്ത്യയ്ക്ക് വേണ്ടി തയ്ച്ചിരിക്കുന്ന സ്വദേശി പ്രഖ്യാപനമാണ് ആത്മനിര്‍ഭര്‍ ഭാരത്. ഇതിന്റെ താത്വിക അടിത്തറ ഇന്നത്തെ ഇന്ത്യയ്ക്ക് മാത്രം പ്രസക്തമായ ഒന്നല്ല. ഭാരതത്തിന്റെ നിലനില്പിനുള്ള വെല്ലുവിളികളെയും സംഘര്‍ഷം നിറഞ്ഞ ഈ ലോകത്തെ കൈകാര്യം ചെയ്യുമ്പോള്‍ നേരിടുന്ന വെല്ലുവിളികളെയും ആത്മനിര്‍ഭര്‍ ഭാരത് അഭിസംബോധന ചെയ്യുന്നു.” – ലേഖനത്തില്‍ വിവരിക്കുന്നു.
“കുതിച്ചുയരുന്ന ഇന്ത്യയ്ക്ക് മാതൃകയാണ് ആത്മനിര്‍ഭരത. ലോകത്തെ ഉപയോഗിക്കുക മാത്രമല്ല, അതിന് സംഭാവന നല്‍കുക കൂടി ചെയ്യുന്ന ആത്മവിശ്വാസവും സംസ്കാരത്തിന്റെ അഭിമാനവും അനുഭവവും കൈമുതലായുള്ള ഇന്ത്യയാണ് ആത്മനിര്‍ഭര്‍ ഭാരത്. മോദി വ്യാഖ്യാനിക്കുന്ന ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അഞ്ച് തൂണുകള്‍ പ്രതിരോധം, മനുഷ്യാവകാശം, കാലാവസ്ഥാവ്യതിയാനം, കൃഷി, ഗ്രാമ-നഗര വേര്‍തിരിവ്, സമ്പദ്ഘടന, ഭരണം, ഫെഡറലിസം എന്നിവയെ അഭിസംബോധന ചെയ്യുന്നു. ലോകം ഇന്ന് സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. നമ്മുടെ സാംസ്കാരിക വിശ്വാസങ്ങളെയും മൂല്യങ്ങളെയും അടിസ്ഥാനമാക്കിയുള്ള മനുഷ്യ കേന്ദ്രീകൃതമായ ശോഭന ഭാവിയാണ് ആത്മനിര്‍ഭര്‍ ഭാരത്” – ജയന്തി നടരാജന് തന്റെ ലേഖനത്തില്‍ വിശദമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: