കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രചാരണ സാമഗ്രികള്‍ക്ക് സുരക്ഷ നല്കാന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍. കണ്ണൂര്‍ റേഞ്ച് ഡിഐജി രാഹുല്‍ ആര് നായരാണ് സര്‍ക്കുലര്‍ ഇറക്കിയത്. രാത്രി പ്രത്യേക പട്രോളിങ്ങ് നടത്തണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
പാതയോരത്തെ സ്തൂപങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്. 2 മണിക്കൂര്‍ ഇടവേളയില്‍ പട്രോളിങ് വിവരങ്ങള്‍ കണ്ട്രോള് റൂമില്‍ അറിയിക്കണം കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് സര്‍ക്കുലര്‍ അയച്ചത്. ഈ മാസം ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ വച്ചാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അലങ്കരിച്ചിരിക്കുന്ന സ്തൂപങ്ങളും കൊടി തോരണങ്ങളും രാത്രിയില്‍ നശിപ്പിക്കപ്പെടുന്നുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ഈ സാഹചര്യത്തിലാണ് ഇവ തടയുന്നതിനായി പ്രത്യേകം പട്രോളിങ് ഏര്‍പ്പെടുത്തുന്നത്. രാത്രി 11 മുതല്‍ രാവിലെ 6 വരെ വാഹനപരിശോധന നടത്തണമെന്നാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് രാവിലെ 10 മണിക്ക് മുന്‍പായി ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പാര്‍ട്ടി സാമഗ്രികള്‍ക്ക് സംരക്ഷണം കൊടുക്കാനുളള ഡിഐജിയുടെ നിര്‍ദ്ദേശം സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: