കോട്ടയം: കൊവിഡ് എന്ന മഹാമാരിയെ തുടര്‍ന്ന് ഉണ്ടായ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറ്റിയിട്ടും കോട്ടയം നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന മുന്‍സിപ്പല്‍ പാര്‍ക്ക് ഇപ്പോഴും പൂട്ടി തന്നെ. ഉത്സവങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വരെ തുടങ്ങിയിട്ടും പാര്‍ക്കിനോട് അധികൃതര്‍ക്ക് ഇപ്പോഴും അവഗണനയാണ്.
പ്രധാന ഗെയ്റ്റ് തുരമ്പെടുത്ത് നശിച്ചു തുടങ്ങി. കോടികള്‍ മുടക്കി പണിത ബഹുരൂപ ശില്പത്തിലും തുരുമ്പ് കയറി തുടങ്ങി. നടപ്പാതകള്‍ പുല്ല് കൊണ്ട് മൂടി. നൂതന രീതിയില്‍ നിര്‍മ്മിച്ച കുട്ടികളുടെ കളി ഉപകരണങ്ങള്‍ നശിച്ച് തുടങ്ങി. പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള വിളക്കുകള്‍ എല്ലാം നശിച്ചിരിക്കുന്നു. ഇപ്പോഴത്തെ കോട്ടയം മുന്‍സിപ്പല്‍ നെഹ്റു പാര്‍ക്കിന്റെ അവസ്ഥയാണിത്. കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച പാര്‍ക്ക് ഇനി തുറക്കണമെങ്കില്‍ ഇനിയും ലക്ഷങ്ങള്‍ മുടക്കേണ്ടിവരും.
അവധിദിനങ്ങളിലും സായാഹ്നങ്ങളിലും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആശ്വാസം തരുന്ന ഒന്നായിരുന്നു ഈ പാര്‍ക്ക്. എന്നാല്‍ വേണ്ട വിധത്തില്‍ പരിപാലിക്കാത്തത് മൂലം നശിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ക്കിലെ ചെറിയ കുളങ്ങള്‍ പായല്‍ കൊണ്ട് മൂടി. ഗുണനിലവാരമില്ലാത്ത നിര്‍മാണ സാമഗ്രികള്‍ ഉപയോഗിച്ചതിനാലാണ് പ്രധാന കവാടവും, കളിസാധനങ്ങളും, ശില്‍പ്പങ്ങളും നശിച്ചു തുടങ്ങാന്‍ കാരണം. പ്രശസ്ത ശില്പി കെ എസ് രാധാകൃഷ്ണന് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയതാണ് അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നത്.
പാര്‍ക്കിന്റെ പരിപാലനത്തില്‍ വന്ന അനാസ്ഥയും അവഗണനയും നാശത്തിന് വഴിയാരുക്കിയിട്ടുണ്ട്. വൃത്തിയാക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ചിട്ടില്ല. 16 മാസംകൊണ്ട് നവീകരണം പൂര്‍ത്തിയാകുമെന്ന് പറഞ്ഞാണ് പാര്‍ക്കിന്റെ അറ്റകുറ്റിപ്പണികള്‍ ആരംഭിച്ചത്. എന്നാല്‍ നാല് വര്‍ഷം പിന്നിട്ട ശേഷമാണ് നവീകരണം പൂര്‍ത്തിയാക്കി പാര്‍ക്ക് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. അതും അധികകാലം നീണ്ടില്ല. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം പാര്‍ക്ക് വീണ്ടും അടക്കേണ്ടി വന്നു. നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും മാറ്റിയിട്ടും പാര്‍ക്ക് തുറക്കാനോ, അത് വൃത്തിയാക്കി പൂര്‍വസ്ഥിതിയിലാക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.
പാര്‍ക്ക് ഉടന്‍ തുറക്കും
മുനിസിപ്പല്‍ പാര്‍ക്ക് അധികം താമസിയാതെ തുറക്കാനാകുമെന്നാണ് കോട്ടയം നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റിയന് പറയുന്നത്. തുറന്ന് കൊടുക്കുന്നതിനായി പാര്‍ക്കില്‍ അറ്റകുറ്റ പണികളും വൃത്തിയാക്കലും തുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇവിടയത്തിയാല് മനിസ്സിലാകും അവിടെ ഒരു നവീകരണ പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന്. പ്രധാന ഗേയ്റ്റ് വരെ വള്ളിപടര്‍പ്പ് കൊണ്ട് നിറഞ്ഞ് കിടക്കുകയാണ്. പാര്‍ക്ക് തുറക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും, അടുത്ത ആഴ്ചയില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്ത് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചെയര്‍പേഴ്സണ്‍ വിശദീകരിക്കുന്നത്.
ഗ്രീഷ്മ എം നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: