ഗാന്ധിനഗര്‍(കോട്ടയം): പതിനെട്ട് വര്‍ഷത്തിന് ശേഷം സുബ്ബറാവു വീട്ടിലേക്ക്. ആന്ധ്രപ്രദേശ് നെല്ലൂര്‍ സ്വദേശിയായ സുബ്ബറാവു മാനസിക അസ്വസ്ഥതകളെ തുടര്‍ന്നാണ് വീടുവിട്ടിറങ്ങിയത്. കോട്ടയം നവജീവനില്‍ ഒന്നര വര്‍ഷം മുമ്പാണ് സുബ്ബറാവുവിനെ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തിച്ചത്. വീട് കണ്ടെത്തി ഇദ്ദേഹത്തെ മകന് രാജറാവുവിന് ഒപ്പം ചേര്‍ക്കുമ്പോള്‍ നവജീവന്‍ മാനേജിങ് ട്രസ്റ്റി പി.യു. തോമസിനും സന്തോഷനിമിഷം.
നവജീവനിലെ സന്നദ്ധ പ്രവര്‍ത്തകനായ വില്യംസിന് തെലുങ്ക് ഭാഷ അറിയാമെന്നതിനാല്‍ പി.യു. തോമസ് ഇദ്ദേഹത്തെ സുബ്ബറാവുവിന്റെ വിലാസം തേടി അയയ്ക്കുകയായിരുന്നു. നെല്ലൂര്‍ എന്ന ഗ്രാമപ്പേര് മാത്രമാണ് കൈവശം ഉണ്ടായിരുന്നത്. ഏറെ തിരഞ്ഞ് മകനെയും ബന്ധുക്കളെയും കണ്ടെത്തി അച്ഛന്റെ വിവരം അറിയിക്കുമ്പോള്‍ അതൊരു ആശ്വാസ നിമിഷമായി.
ഇടയ്ക്കിടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോവുകയും മടങ്ങിയെത്തുകയും ചെയ്തിരുന്ന സുബ്ബറാവു ഇത്രയേറെക്കാലമായിട്ടും മടങ്ങിവരാത്തത് കുടുംബത്തിന് ഏറെ വേദനയായിരുന്നു. വില്യംസിനൊപ്പം രാജറാവുവും കോട്ടയത്തേക്ക് എത്തി അച്ഛനെ ഏറ്റെടുത്തു. പേരോ നാടോ പറയാനാവാത്ത സ്ഥിതിയിലെത്തിയ സുബ്ബറാവുവിന് നവജീവന്‍ അഭയവും ചികിത്സയും നല്കി. ഒന്നര വര്‍ഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നല്കിയ ചികിത്സക്കൊടുവിലാണ് സുബ്ബറാവുവിന് സംസാരിക്കാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: