കൊച്ചി: വധ ഗൂഢാലോചന കേസില്‍ നടന് ദിലീപിനെതിരെ തെളിവുകള്‍ കയ്യിലുണ്ടായിട്ടും സംവിധായകന് ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി. തെളിവുകള്‍ ഉണ്ടായിട്ടും കേസിലെ ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ല. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിന്റെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം. ഹൈക്കോടതിയില്‍ വിചാരണ തുടരുകയാണ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ബാലചന്ദ്രകുമാറിന്റെ പക്കല്‍ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് നേരത്തെ പുറത്തുവിട്ടില്ല. ഇതിന് പിന്നില്‍ ദുരുദ്ദേശ വല്ലതും ഉണ്ടോയെന്നും സംശയം ഉണ്ടാക്കില്ലേയെന്നും കോടതി ചോദിച്ചു. അതേസേമയം വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ബുധനാഴ്ച കേസില്‍ വാദം കേള്‍ക്കുമ്പോള്‍ കോടതി പ്രോസിക്യൂഷനോട് ചോദിച്ചു.
എന്നാല്‍ ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന് മറുപടി നല്കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന് പറഞ്ഞു. അങ്ങനെയെങ്കില്‍ കേസില്‍ ബാലചന്ദ്രകുമാര്‍ എന്തുകൊണ്ട് ഫസ്റ്റ് ഇന്‍ഫോര്‍മര്‍ ആയില്ലെന്ന് കോടതി തിരിച്ചും ചോദിച്ചു.
കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് കോടതിയില്‍ ദിലീപും ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുകയാണ്. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കോടതി ജീവനക്കാരിലേക്കും അന്വേഷണം നീളും. ദിലീപിന്റെ ഫോണില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ വീണ്ടെടുത്തതിനെ തുടര്‍ന്നാണ് ഇത്. ജീവനക്കാരെ ചോദ്യംചെയ്യാനായി അന്വേഷണസംഘം വിചാരണ കോടതിയുടെ അനുമതി തേടും.
ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ ദിലീപിന് സഹായം നല്കിയ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്ക്കില്‍നിന്നും ഈ രേഖകള്‍ കണ്ടെടുത്തത്. ഇതെല്ലാം കോടതിയില്‍നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളെല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ചില കൈയെഴുത്ത് രേഖകളടക്കം ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ ഈ രേഖകളെല്ലാം ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് എങ്ങനെയാണ് ഇതെല്ലാം ദിലീപിന്റെ കൈയിലെത്തിയതെന്ന് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: