എന്താണ് ബിറ്റ്കോയിൻ? ഇത് ഒരു കറൻസിയാണോ, അതോ മൂല്യം സൂക്ഷിക്കാവുന്ന ഒരു സംവിധാനമാണോ? അതോ ഒരു പേയ്മെന്റ് സംവിധാനമോ? അതുമല്ലാതെ ആസ്തികളുടെ ശേഖരമാണോ? അതേ ബിറ്റ്കോയിൻ ഇതെല്ലാമാണ്.
ക്രിപ്റ്റോഗ്രഫി സാങ്കേതിക വിദ്യ ഉയപയോഗിച്ച് വെർച്വൽ രീതിയിൽ മൂല്യം സൃഷ്ടിക്കാൻ വേണ്ടി മനുഷ്യൻ നടത്തിയ നൂറുകണക്കിന് ശ്രമങ്ങളിൽ ഏറ്റവും ഫലപ്രദമായ ദൗത്യമാണ് ബിറ്റ്കോയിൻ. ബിറ്റ്കോയിന്റെ ചുവടുപിടിച്ചു നൂറുകണക്കിന് സമാനമായ സാങ്കേതിക സംവിധാനങ്ങൾ വന്നെങ്കിലും വിപണി മൂല്യത്തിൽ ബിറ്റ് കോയിൻ ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയായി ഇന്നും തുടരുകയും കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇത് നിലനിർത്തി പോരുകയും ചെയ്യുന്നു. 2021 നവംബർ മാസത്തിൽ ബിറ്റ് കോയിന്റെ ആകെ വിപണി മൂല്യം 1.26 ട്രില്യൺ ഡോളർ (95,601,233,209,860 രൂപ) വരെ ഉയർന്നിരുന്നു .വിപണി വിലയനുസരിച്ച് ഇന്നിപ്പോൾ ഒരു ബിറ്റ്കോയിന് ഏകദേശം 36 ലക്ഷം രൂപ വിലയുണ്ട്.
നമ്മൾ കാലാകാലങ്ങളായി ഉപയോഗിക്കുന്ന കടലാസ് കറൻസി പോലെ തന്നെയാണ് ബിറ്റ്കോയിനും സൃഷ്ടിക്കപ്പെട്ടത്. ഇടപടിലെ കള്ളത്തരങ്ങൾ ഒഴിവാക്കാനും അതിന്റെ മൂല്യം വർധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള സംവിധാനങ്ങൾ കടലാസ് കറൻസിക്ക് തത്തുല്യമായ രീതിയിൽ ബിറ്റ് കോയിനും ഒരുക്കിയിട്ടുണ്ട്. ബ്ലോക്ക് ചെയിൻ, മൈനിംഗ്, ഹാഷു് , കീ, വാലറ്റ് എന്നിവയാണ് ബിറ്റ്കോയിന്റെ അടിസ്ഥാന സാങ്കേതിക വശങ്ങൾ.
ബ്ലോക്ക്ചെയിൻ എന്നറിയപ്പെടുന്ന ഒരു വികേന്ദ്രീകൃതമായ വിതരണ ലെഡ്ജറിലെ ഇടപാടുകളെ ട്രാക്ക് ചെയ്തു സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ കറൻസിയാണ് ബിറ്റ്കോയിൻ. ഇടപാടുകളുടെ ബ്ലോക്കുകൾ സ്ഥിരീകരിക്കുന്നതിന് സങ്കീർണ്ണമായ ക്രിപ്റ്റോ സമസ്യകൾ മറികടക്കാൻ ബിറ്റ്കോയിൻ മൈനിങ് ചെയ്യുന്നവർ അതീവ കാര്യക്ഷമതയുള്ള കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നു. അങ്ങനെ വിജയകരമായി മൈൻ ചെയ്തു ലഭിക്കുന്ന പുതിയ ബ്ലോക്കുകൾ ലെഡ്ജറിലേക്ക് ചേർക്കുന്നതിനോടോപ്പം അത് മൈൻ ചെയ്തവർക്ക് ഒരു ചെറിയ തുകയ്ക്കുള്ള ബിറ്റ്കോയിനുകൾ നൽകുകയും ചെയ്യും. സാധാരണക്കാർക്ക് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചുകളിലൂടെയോ പിയർ-ടു-പിയർ ഇടപാടുകളിലൂടെയോ ഇങ്ങനെ മൈൻ ചെയ്ത കോയിനുകൾ വാങ്ങാനോ വിൽക്കാനോ കഴിയും.
ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിൽ ചില മോഷണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള ശ്രമങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാനുതകുന്ന രീതിയിലാണ് അവ രൂപകല്പന ചെയ്തിട്ടുള്ളത്. ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിനെ ശക്തിപ്പെടുത്തുന്ന സംവിധാനമാണ് ബ്ലോക്ക്ചെയിൻ; എന്നിരുന്നാലും, ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഒരേയൊരു ക്രിപ്റ്റോ കറൻസി സംവിധാനമല്ല ബിറ്റ് കോയിൻ. എഥീരിയം പോലുള്ള മറ്റ് ക്രിപ്റ്റോകറൻസികൾക്ക് അവയുടെ ബ്ലോക്ക്ചെയിൻ ലെഡ്ജർ സംവിധാനങ്ങളുണ്ട്.
സാങ്കേതികവിദ്യയുടെ വികേന്ദ്രീകരണം ബിറ്റ്കോയിൻ നെറ്റ്വർക്കിനുള്ളിൽ ഒന്നിലധികം ഡിവിഷനുകളിലേക്കോ ഫോർക്കുകളിലേക്കോ നയിച്ചു, അതിന്റെ ഫലമായി ലെഡ്ജറിന്റെ പല വക ഭേദങ്ങളും നിർമിക്കപ്പെട്ടു. ചില ബിറ്റ് കോയിൻ മൈനിങ് വിദഗ്ദർ ഒരു പ്രത്യേക സെറ്റ് നിയമങ്ങളുള്ള ഒരു നിർദിഷ്ട ബ്ലോക്ക്ചെയിൻ ഉപയോഗിക്കുന്നു, എന്നാൽ അതിൽ നിന്നും വിഭിന്നമായി മറ്റു ചിലർ വ്യത്യസ്തമായ നിയമങ്ങളുള്ള ഒരു ബ്ലോക്ക്ചെയിൻ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ബിറ്റ്കോയിൻ ക്യാഷ്, ബിറ്റ്കോയിൻ ഗോൾഡ്, ബിറ്റ്കോയിൻ എസ് വി എന്നിവയെല്ലാം യഥാർത്ഥ ബിറ്റ്കോയിനിൽ നിന്ന് വ്യത്യസ്തമായ ക്രിപ്റ്റോകറൻസികളാണ്.
ബിറ്റ്കോയിന്റെ ചുരുക്കപ്പേരാണ് BTC. ബിറ്റ്കോയിൻ എന്താണെന്ന് നിർവചിക്കുമ്പോൾ വളരെ എളുപ്പമാണെങ്കിലും സാങ്കേതിക വശം പരിശോധിക്കുകയാണെങ്കിൽ ഇത് പ്രോട്ടോക്കോളുകളുടെയും അനുബന്ധ സോഫ്റ്റ്വെയർ പ്രക്രിയകളുടെയും പൂർണ്ണമായ ഡിജിറ്റൽ പ്രതിഭാസങ്ങളുടേയും സങ്കീർണമായ ഒരു ശൃംഖലയാണ് .
ബിറ്റ് കോയിന് ഊർജം പകരുന്ന ബ്ലോക്ക് ചെയിൻ കാലികമായി നിലനിർത്തുന്നതിനുള്ള പ്രക്രിയയാണ് മൈനിങ് അഥവാ ബിറ്റ്കോയിൻ ഖനനം. മൈനിങ് വിദഗ്ദർ അടങ്ങിയ ഒരു ശൃംഖല ബിറ്റ്കോയിൻ ഉപയോക്താക്കളുടെ വിനിമയ പ്രക്രിയയെ സദ സമയം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്, അതിനോടൊപ്പം തന്നെ ബ്ലോക്ക്ചെയിനിലെ ഇടപാടുകൾ രേഖപ്പെടുത്തി അവ സാധൂകരിക്കുകയും ചെയ്യുന്നു .
ഒരു ആധുനിക കമ്പ്യൂട്ടറിന് ഇടപാടുകളുടെ ഒരു പരമ്പര നേരിട്ട് രേഖപ്പെടുത്താൻ വളരെ പെട്ടെന്ന് കഴിയും. പക്ഷേ ബിറ്റ് കോയിൻ ഖനനം അതീവ ദുഷ്കരവും വളറയേറെ സമയവും വൈദ്യുത ചിലവും ഉൾപ്പെട്ട സങ്കീർണമായ പ്രവർത്തിയാണ് .അതിന് ഉയർന്ന പ്രവർത്തന ശേഷിയുള്ള കമ്പ്യൂട്ടർ സംവിധാനങ്ങൾ ആവശ്യമുണ്ട്. ഖനന കമ്മ്യൂണിറ്റിയുടെ ഭാഗമല്ലാത്ത ബിറ്റ്കോയിൻ ഉടമകൾ സാധാരണയായി ബിറ്റ്കോയിൻ എക്സ്ചേഞ്ചിൽ നിന്ന് അവരുടെ ബിറ്റ്കോയിൻ വാങ്ങുന്നു. ബിറ്റ്കോയിനും മറ്റ് ഡിജിറ്റൽ കറൻസി ഇടപാടുകളും സുഗമമാക്കുന്ന പല ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും ഇന്ന് നിലവിലുണ്ട് . ഉദാഹരണത്തിന് ഭാരതത്തിൽ പ്രവർത്തിക്കുന്ന ചില ക്രിപ്റ്റോ വിനിമയ അപ്പുകളാണ് ബിനാൻസ്, വസീർ എക്സ് തുടങ്ങിയവ.
ഇത്തരത്തിലുള്ള എക്സ്ചേഞ്ചുകൾ ക്രിപ്റ്റോകറൻസി വാങ്ങാനും വിൽക്കാനും ലോകമെമ്പാടുമുള്ള ആളുകളെ പ്രാപ്തരാക്കുന്നു. ബിറ്റ്കോയിന്റെ ജനപ്രീതിയ്ക്കൊപ്പം ഈ എക്സ്ചേഞ്ചുകളും അനുദിനം കൂടുതൽ ജനപ്രിയമായി വരുന്നു. എന്നിരുന്നാലും പല തരത്തിലുള്ള നിയമ സുരക്ഷാ വിഷയങ്ങൾ സംബന്ധിച്ച പ്രശ്നങ്ങൾ നിറഞ്ഞവയാണ് ഇവയിൽ മിക്കവയും. ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ ക്രിപ്റ്റോകറൻസികളുടെ കാര്യത്തിൽ അതീവ പരിഗണന നല്കാനുള്ള തയ്യാറെടുപ്പിലാണ്. ബിറ്റ്കോയിനുകളുടെ വാങ്ങലും വിൽപനയും നിയന്ത്രിക്കുന്ന നിയമനിർമ്മാണം കാലഘട്ടത്തിന്റെ അനിവാര്യതയാണെങ്കിലും നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യ സർക്കാർ സംവിധാനങ്ങളെ ക്രിപ്റ്റോ നിയമ നിർമാണത്തിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പത്തിലേക്ക് തള്ളിവിടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: