കേരളത്തില്‍ ഏറെ മുഴങ്ങിക്കേട്ട മുദ്രാവാക്യം, അതാണ് തലക്കെട്ട്. ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമാണിതെങ്കിലും അതു വലതുപക്ഷത്തിന്റേതുമായിരിക്കുന്നു. രണ്ടു ദിവസം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ തുടര്‍ന്നുവന്ന സമരം ഇടതുപക്ഷത്തിന്റേത് മാത്രമായിരുന്നില്ലല്ലോ. കോണ്‍ഗ്രസിന്റെ മൂര്‍വണക്കൊടി കൂട്ടിക്കെട്ടിയത് കമ്മ്യൂണിസ്റ്റ് ചെങ്കൊടിയുമായിട്ടാണല്ലോ. ആ കൂട്ടുകെട്ടിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ജീവനക്കാരുടെ സമരത്തിനെതിരെയല്ല കോടതിവിധി വന്നത്.
സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെയാണ് ഹൈക്കോടതി വിധി. ഓഫീസിലെത്താന്‍ ജീവനക്കാര്‍ക്ക് വാഹനസൗകര്യം നല്‍കണമെന്നും കെഎസ്ആര്‍ടിസി ബസ് ഓടിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ചീഫ്സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുത്. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. താല്‍ക്കാലിക ജീവനക്കാരാണെങ്കില്‍ ജോലിയും പോകുമെന്നൊക്കെയാണ് ഉത്തരവില്‍ പറയുന്നത്.
പെരുമാറ്റച്ചട്ടപ്രകാരം ഒരു സമരത്തിലും പങ്കെടുക്കാന്‍ ജീവനക്കാര്‍ക്ക് അവകാശമില്ലെന്ന് പറഞ്ഞ കോടതി, സമരത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഉണ്ടെന്നും ഓര്‍മ്മിപ്പിച്ചു. സമരം തടയാന്‍ സര്‍ക്കാര്‍ മുന്‍കൂര്‍ നടപടി സ്വീകരിക്കാത്തതിനെയും കോടതി വിമര്‍ശിച്ചിട്ടുണ്ട്. കോടതി വിധി വന്നശേഷം ചില ജീവനക്കാര്‍ ഉച്ചക്കുശേഷം ഓഫീസിലെത്തി ഒപ്പിട്ട് വേതനം ഉറപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ഭരണസിരാകേന്ദ്രമായ തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ സ്ഥിതിയാണ് ദയനീയം.
അയ്യായിരത്തോളം ജീവനക്കാരാണ് സെക്രട്ടറിയേറ്റില്‍ ഉള്ളത്. അതില്‍ ആദ്യ ദിവസം 32 ജീവനക്കാരേ ഹാജരായുള്ളൂ. മന്ത്രിമാര്‍ മുഴുവനായും ഓഫീസിലെത്താതെ ഒഴിഞ്ഞുനിന്നു. ഒപ്പം പേഴ്സണല്‍ സ്റ്റാഫും മന്ത്രിമാരുടെ വീടുകളിലും മറ്റും കുട്ടികളെ നോക്കിയും മുച്ചീട്ട് കളിച്ചും സമയം കളഞ്ഞു. കോടതിവിധികള്‍ അവര്‍ക്ക് പുല്ലാണ്. കോണ്‍ഗ്രസ് ഈ മുദ്രാവാക്യം വിളിക്കാറുള്ളതല്ല. ‘ചാണകം ചാരിയാല്‍ ചാണകം മണക്കും’ എന്നു പറയാറില്ലേ? അതുപോലെയാണിതും.
കണ്ണൂര്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ജയരാജന് വകയാണ് കോടതിക്കെതിരെ ഗോഗ്വാ വിളി. കോടതിക്ക് ബ്രിട്ടീഷ് ശൈലിയാണെന്നാണ് ജയരാജന്റെ വിമര്‍ശനം. തൊഴിലാളിക്കെതിരെയല്ല സര്‍ക്കാരിനെതിരെ കോടതി പറയണമായിരുന്നു എന്നും ജയരാജന് അഭിപ്രായപ്പെട്ടു. അതേസമയം കണ്ണൂരിലെ പാര്‍ട്ടി സമ്മേളന ജോലിക്ക് ഒരു മുടക്കവും ഉണ്ടായില്ല. വേദികെട്ടലും തറമിനുക്കല്‍ പണികളുമായി 50 ലേറെ തൊഴിലാളികള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സംസ്ഥാനത്തൊട്ടാകെ അക്രമപരമ്പരകള്‍ സൃഷ്ടിച്ചുകൊണ്ടാണ് പണിമുടക്ക് പൊടിപൊടിച്ചത്. ഓട്ടോറിക്ഷയുടെ കാറ്റഴിച്ചുവിട്ടും സ്കൂട്ടറുകള് തടഞ്ഞും കെങ്കേമമായി സമരം. പെട്ടിക്കടകള്‍ക്കും തട്ടുകടകള്‍ക്കുമെതിരെ കൊമ്പുകോര്‍ത്ത സമരക്കാര്‍ വന്‍കിട കച്ചവട മാളുകളുടെ അടുത്തെങ്ങും ചെന്നില്ല. അവിടെ ചെന്ന സമരക്കാരെ ഒന്നടങ്കം കസ്റ്റഡിയിലെടുത്ത് നീക്കി സ്ഥാപനങ്ങള്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു.
അമേരിക്കയില്‍ ചികിത്സ കഴിഞ്ഞ് മടങ്ങവെ മുഖ്യമന്ത്രി പിണറായി വിജയന് ഒരാഴ്ച ദുബായിയില്‍ ഇറങ്ങി. ഷെയ്ഖിനെ കണ്ടു. വ്യവസായ സംരംഭകരെ കണ്ടു. കേരളത്തില്‍ മുതല്‍മുടക്കാന്‍ ക്ഷണിച്ചു. കേരളമല്ലെ, മുഖ്യമന്ത്രിയല്ലെ ക്ഷണിക്കുന്നതെന്ന് ആലോചിച്ച സംരംഭകര്‍ ഒന്നു ശങ്കിച്ചു. കേരളമാണ്! മിന്നല്‍ പണിമുടക്കും ഹര്‍ത്താലും എപ്പോള്‍ വരുമെന്നറിയില്ലല്ലോ. ഒന്നും പേടിക്കാനില്ലെന്ന ഉറപ്പ് ലഭിച്ചു. മുഖ്യമന്ത്രിയല്ലെ വിളിക്കുന്നതെന്ന് ആശ്വസിച്ചു. അവര്‍ക്കാണിപ്പോള്‍ അബദ്ധം മനസ്സിലായത്. ഇത് കേരളമാണ്. അണ്ണാനെ മരംകേറ്റം പഠിപ്പിക്കേണ്ടതുണ്ടോ എന്ന ചിന്ത വീണ്ടും വന്നുവോ എന്ന സംശയം. ആരെന്തു പറഞ്ഞാലും കേരളീയര്‍ പഠിച്ചതേ പാടൂ. ഹര്‍ത്താലും പണിമുടക്കുമാണിവര്‍ക്ക് ജീവന്റെ ജീവനെന്ന് വിശ്വസിപ്പിക്കുന്ന സമരം.
കോടതിപറഞ്ഞാലും പാര്‍ട്ടി സെക്രട്ടറി പറഞ്ഞാലും പഠിച്ചതേ പാടൂ എന്നതാണ് രീതി. കോടിയേരി ബാലകൃഷ്ണന് ഇന്നലെ പറഞ്ഞു ‘കടതുറക്കുന്നവര്‍ക്ക് തുറക്കാം.’ എന്നാല്‍ തുറന്ന കട അടപ്പിക്കുന്ന രീതിയാണ് കേരളം കണ്ടത്. കോടതി പറഞ്ഞു പണിമുടക്ക് പാടില്ല എന്ന്. എന്നാല്‍ കോടതിക്കെതിരായ മുദ്രാവാക്യം ആവര്‍ത്തിച്ചു. ‘ബൂര്‍ഷ്വാ കോടതി തുലയട്ടെ’ എന്ന്. എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്നൊരു വിരുതന് പണ്ട് തട്ടിമൂളിച്ചതുപോലെ.
‘വരവേല്പ്’ എന്ന മലയാള സിനിമയുടെ കഥ ഓര്‍മ്മിപ്പിച്ചത് മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയിയാണ്. ലോകമാകെയുള്ള സംരംഭകരെ കൊച്ചിയില്‍ ക്ഷണിച്ചുവരുത്തിയുള്ള നിക്ഷേപക സംരംഭത്തിന്റെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി. ഏതാണ്ട് അതുപോലെയായി ഇപ്പോഴത്തെ സംഭവവും. ദുബായിയില്‍ നിക്ഷേപക സംരംഭകത്വത്തില്‍ പങ്കെടുത്ത പലരും ഓര്‍ത്തുകാണുമോ വാജ്പേയി ഓര്‍ത്ത വരവേല്‍പ്പിന്റെ കഥ. ഓര്‍ത്താല്‍ അവര്‍ക്കും കേരളത്തിനും നന്നായി.
കൈരളി ഉത്തരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: