കാബൂള്‍: അഫ്ഗാനിസ്ഥാനില്‍, താടിയില്ലാത്തവരെ താലിബാന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പുറത്താക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം പുരുഷന്മാര് കൂടെയില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതും താലിബാന് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നിയമവുമായി എത്തുന്നത്.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കെല്ലാം താടിയുണ്ട്, അവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കുന്നുണ്ട് എന്ന് പരിശോധിച്ച ശേഷമാണ് ഓഫീസുകളിലേക്ക് കടത്തിവിടുന്നതെന്ന് കഴിഞ്ഞദിവസം റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അല്ലാത്തപക്ഷം ജീവനക്കാര്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുണ്ട്. താലിബാന് സര്‍ക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നത്.
താടി വടിക്കരുതെന്നും പ്രാദേശിക വസ്ത്രം തന്നെ ധരിക്കണമെന്നും മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വക്താവ് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ കൃത്യ സമയത്ത് പ്രാര്ത്ഥിക്കുന്നുണ്ടോയെന്നും ഉറപ്പ് വരുത്തണമെന്ന് നിര്‍ദേശത്തിലുണ്ട്. അല്ലെങ്കില്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ച് വിടും. തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവേശന കവാടങ്ങളില്‍ മന്ത്രാലയത്തിന്റെ ആളുകള്‍ പട്രോളിങ് നടത്തിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: