ദൈവം കര്‍ഷകനായി അവതരിച്ച നാടാണ് ഭാരതം. മാനവരാശിയുടെ ചരിത്രത്തില്‍ ഒരു കര്‍ഷകനെ രാജാവായി വാഴിച്ചതും ഇവിടെയാണ്. അതും ക്ഷീരകര്‍ഷകനെ. ഭഗവാന് ശ്രീകൃഷ്ണനെ. യാദവ വംശജാതനായ, കാലിമേച്ചു നടന്ന ബാലന് ദ്വാരകാധിപതിയായി വാണ യാഥാര്‍ത്ഥ്യം ഭാരതത്തിന്റെ സാംസ്ക്കാരിക പുണ്യവും കാര്‍ഷിക വിപ്ലവചരിത്രവുമാണ്.
ഭാരതം ഒരു കാര്‍ഷിക രാജ്യമാണ് 65 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അതുകൊണ്ട് തന്നെ കാര്‍ഷിക മേളകളും കാലിചന്തകളും വാണിഭങ്ങളും പലയിടത്തും ഗ്രാമോത്സവങ്ങളായിരുന്നു. ഇന്നും അതിന്റെ തനിമ ചോരാതെ നടക്കുന്ന വയല്വാണിഭങ്ങളില് ഒന്നാണ് പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ വയല്‍വാണിഭം. അഞ്ഞൂറ് വര്‍ഷത്തിലേറെ പഴക്കം അവകാശപ്പെടുന്ന കാര്‍ഷിക സംസ്കൃതിയുടെ നേര്‍ക്കാഴ്ച കൂടിയാണിത്. മീനച്ചൂടിന് തുടക്കം കുറിക്കുന്ന മീനം ഒന്നിനാണ് വയല്വാണിഭത്തിനും തുടക്കമാകുന്നത്.
പഴമയുടെ തണലേകുന്ന പാലമരം
രണ്ട് ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഐതിഹ്യ പെരുമകൂടിയാണിത്. കൊല്ലം ജില്ലയില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം തെക്കേവയല്‍ എന്നറിയപ്പെട്ടിരുന്ന സ്ഥലത്ത് നടന്നിരുന്ന കാളചന്തയില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച ഒരു കാളക്കൂറ്റന്, കയര്‍ പൊട്ടിച്ച് വടക്കോട്ട് പാഞ്ഞ് 60 കിലോമീറ്റര്‍ താണ്ടി ഓമല്ലൂര്‍ വയലില്‍ എത്തിയെന്നും, ആര്‍ക്കും പിടിച്ച് കെട്ടാന്‍ സാധിക്കാതിരുന്ന കാളയെ, ഒരു യോദ്ധാവ് പാലക്കുറ്റിയില്‍ പിടിച്ചു കെട്ടിയെന്നും, അന്നത്തെ നാടുവാഴികളായിരുന്ന വാക്കയില്‍ വെളിയത്തു മുറികോയിക്കലെ തമ്പുരാന് അതിന്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചെന്നും പറയപ്പെടുന്നു.
വിശ്വാസ പഴമയുടെ തണലേകി പാലമരം ഇന്നും വയലിനു നടുവിലായി നിലകൊള്ളുന്നു. ഓമല്ലൂര്‍ ശ്രീ രക്തകണ്ഠസ്വാമിയുടെ പ്രതിപുരുഷനാണ് യോദ്ധാവായി വന്നതെന്നാണ് ഭക്തരുടെ വിശ്വാസം. അതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് മീനമാസം ഒന്നു മുതല്‍ മേടം ഒന്നു വരെ നീളുന്ന വയല്‍ വാണിഭം നടക്കുന്നത്.
കച്ചവടത്തിലെ രഹസ്യഭാഷ
ഓമനല്ലൂരിന്റെ ഒരു മാസത്തെ ഗ്രാമോത്സവമാണിത്. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ കാര്‍ഷിക വ്യാപാരമേള നടക്കുന്ന ഇവിടെ കാളചന്തക്ക് തനത് ഭാഷയും നിലനിന്നിരുന്നു. കാളകള്‍ക്ക് വില പറഞ്ഞിരുന്നത് രഹസ്യഭാഷയിലായിരുന്നു. ഒന്നു മുതല്‍ പത്ത് വരെ അക്കങ്ങള്‍ക്ക് പകരം പ്രത്യേകം പദം ഉപയോഗിച്ചായിരുന്നു കച്ചവടം നടത്തിയിരുന്നത്. ഒന്നിന് ചവ്, രണ്ടിന് – തോവ്, മൂന്ന് – തിലാവു, നാല്-പാത്ത്, അഞ്ച്- തട്ടല്‍, ആറ്-തടവല്‍, ഏഴ്-നൊളയ്ക്കല്, എട്ട്-വലു, പത്തിന്-പുലു എന്നിങ്ങനെയാണ് രഹസ്യപദങ്ങള്‍ ഉപയോഗിച്ചിരുതത്രെ. കൈയില്‍ തോര്‍ത്ത് മൂടി വിരലുകളില്‍ പിടിച്ച് വില നിശ്ചയിക്കുന്ന സമ്പ്രദായവും നിലനിന്നിരുന്നു.
കാളചന്തയിലെ ഇടനിലക്കാര്‍ക്കും ചില രഹസ്യകോഡുകള്‍ ഉണ്ടായിരുന്നു. ചൂണ്ട്വട്ടം, കാളക്കൊമ്പ്, തേങ്ങാമുറി എന്നിങ്ങനെ. ചൂണ്ട് വട്ടം എന്നു പറഞ്ഞാല്‍ ഒന്ന്, കാളക്കൊമ്പ്- രണ്ട്, തേങ്ങാമുറി- മൂന്നര എന്നിങ്ങനെ പോകുന്നു. തേങ്ങാമുറിയുടെ മൂന്ന് കണ്ണും- മുറിയുടെ അരയും ചേര്‍ത്താണ് മൂന്നര എന്നു വിവക്ഷിച്ചിരുന്നത്. അങ്ങനെ തനത് ഭാഷയും, സംസ്ക്കാരവും കാര്‍ഷികപ്പെരുമയും നിലനിര്‍ത്തിയാണ് വയല്‍വാണിഭത്തിന് വേദി ഒരുങ്ങിയിരുന്നത്. ആദ്യ ഒരാഴ്ചയാണ് കാലിചന്ത. കേരളത്തിന്റെ എല്ലാ ഭാഗത്തു നിന്നും തമിഴ്നാട്ടില്‍ നിന്നും ധാരാളം കാളകളും, കന്നുകാലികളും, കാളവണ്ടികളും ഇവിടെ എത്തിയിരുന്നു. ഇന്ന് അതിന്റെ പ്രാധാന്യം കുറഞ്ഞെങ്കിലും നാമമാത്രമായി കാലിചന്ത നടക്കാറുണ്ട്. വേലന്റെതറ എന്നായിരുന്നു വയല്‍വാണിഭം നടക്കുന്ന സ്ഥലത്തിന്റെ പേര്.
വിഷുവിന്റെ വിളവിറക്ക് ആരവം
വാണിഭം തുടങ്ങിയാല്‍ ആള്‍കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് ഉടനടി തീര്‍പ്പുകല്‍പ്പിക്കാന്‍ മജിസ്ട്രേറ്റിന്റെ ചുമതലയില്‍ താല്‍ക്കാലിക കോടതിയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കാളചന്ത കഴിഞ്ഞാല്‍ പിന്നീട് ഒരു മാസക്കാലം വിപണനമേളയാണ്. വിഷുവിന്റെ വിളവ് ഇറക്ക് ആരവത്തിന് നാന്ദി കുറിക്കാന്‍ കര്‍ഷകര്‍ കാര്‍ഷിക വിഭവങ്ങള്‍ ശേഖരിച്ചിരുന്നത് ഇവിടെ നിന്നാണ്. ചേന, കാച്ചില്, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി തുടങ്ങിയ എല്ലാ നടീല്‍ വസ്തുക്കളും ഇവിടെ സുലഭവും ലാഭകരവുമാണ്.
ലോഡ് കണക്കിന് കാര്‍ഷിക വിഭവങ്ങളാണ് മറ്റു ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കും ഇവിടെ നിന്ന് കൊണ്ടുപോയിരുന്നത്. അടുത്തിടവരെ തമിഴ് നാട്ടില്‍ നിന്നുള്ള പാണ്ടി മുളകിന്റെ വലിയ വിപണന കേന്ദ്രം കൂടിയായിരുന്നു ഓമല്ലൂര്‍ ചന്ത.
പഞ്ചായത്ത് ഭരണസമിതിയും, ഓമല്ലൂര്‍ കൃഷിഭവനും, തെരഞ്ഞെടുക്കുന്ന പൊതുകമ്മറ്റിയും ചേര്‍ന്നാണ് വാണിഭ ആഘോഷത്തിന്റെ നടത്തിപ്പ്. ഐതിഹ്യപെരുമയില്‍ വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രസന്നിധിയില്‍ നിന്ന് ദീപം തെളിച്ച് ദീപശിഖാപ്രയാണം ആഘോഷപൂര്‍വ്വം ഓമല്ലൂര്‍ വയലിലെ പാലമര ചുവട്ടില്‍ എത്തിക്കുന്നതോടെയാണ് വാണിഭത്തിന് തുടക്കം കുറിക്കുന്നത്. ഉപഭോഗസംസ്ക്കാരത്തിലേക്ക് അതിവേഗം പടര്‍ന്ന് കയറുന്ന പുതുതലമുറയ്ക്കും കൃഷിയില്‍ നിന്ന് അകന്ന് പോകുന്നവര്‍ക്കും കാര്‍ഷിക സംസ്കൃതിയിലേക്ക് ഒരു തിരിച്ച് പോക്കിന് ഇത്തരം കാര്‍ഷികോത്സവങ്ങളും കര്‍ഷക കൂട്ടായ്മകളും പ്രേരണയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: