കീവ്: ആദ്യത്തെ 30 ദിവസത്തിന് ശേഷം റഷ്യ തുറന്നുവിട്ട പുതിയ യുദ്ധതന്ത്രം വിജയത്തിലെത്തുന്നതിന്റെ സൂചനകള്‍ പുറത്ത് വിട്ട് ഉക്രൈനിലെ മരിയുപോള്‍ മേയര്‍. കിഴക്കന്‍ ഉക്രൈനിലെ തുറമുഖനഗരമായ മരിയുപോള്‍ ഏകദേശം റഷ്യ പിടിച്ചടക്കിയെന്നാണ് മരിയുപോള്‍ മേയര്‍ വാഡിം ബൊയ്‌ചെങ്കോ തിങ്കളാഴ്ച തുറന്നു സമ്മതിച്ചത്.
‘എല്ലാം നമ്മുടെ നിയന്ത്രണത്തിലല്ല. ഇപ്പോള്‍ നമ്മള്‍ അധിനിവേശക്കാരുടെ (റഷ്യക്കാരുടെ) കൈകളിലാണ്. ‘- ഉക്രൈന്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന മേയറായ ബൊയ്‌ചെങ്കോ തുറന്നു സമ്മതിക്കുന്നു. ഫിബ്രവരി 24ന് റഷ്യ ആക്രമണം തുടങ്ങുമ്പോള്‍ നാല് ലക്ഷം പേരുണ്ടായിരുന്നു മരിയുപോളില്‍. ഇപ്പോള്‍ 1.6 ലക്ഷം പേരെ ഉള്ളൂ. ‘റഷ്യന്‍ പട്ടാളം വളഞ്ഞുകഴിഞ്ഞ മരിയുപോളില്‍ ഇപ്പോള്‍ വെള്ളവും വൈദ്യുതിയും ഗ്യാസും ഇന്‍റര്‍നെറ്റും മൊബൈല്‍ ബന്ധങ്ങളും ഇല്ലാത്തതിനാല്‍ ജീവിക്കുക അസാധ്യമാണ്. തികച്ചും ഭയാനകമാണിവിടെ’- മേയര്‍ ബൊയ്‌ചെങ്കോ പറയുന്നു.
ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും റഷ്യന്‍ പട്ടാളം അനുവദിക്കുന്നില്ല. അതേ സമയം ദിവസം 1700 പേരെ വീതം ഇവിടെ നിന്നും ഒഴിപ്പിക്കുന്നതായി ഒരു റഷ്യന്‍ നേതാവ് പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 90 ശതമാനം ജനവാസക്കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 60 ശതമാനം നേരിട്ടുള്ള ബോംബാക്രമണത്തിലും 40 ശതമാനം പരോക്ഷആക്രമണത്തിലും നശിപ്പിക്കപ്പെട്ടു. ഏഴ് ആശുപത്രികള്‍ തകര്‍ത്തു. അതില്‍ മൂന്നെണ്ണം നാമാവശേഷമായി. ഉന്നതവിദ്യാഭ്യാസത്തിന്റെ ഏഴില്‍ മൂന്ന് കെട്ടിടങ്ങള്‍ തകര്‍ന്നു. 57 സ്‌കൂളില്‍ 23 എണ്ണവും 70 കിന്‍റര്‍ഗാര്‍ട്ടനില്‍ 28ഉം നശിപ്പിക്കപ്പെട്ടു. മരിയുപോളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ബോംബാക്രമണത്തില്‍ തിയറ്ററും 400 പേര്‍ അഭയം തേടിയ സ്‌കൂളും യൂറോപ്പിലെ തന്നെ വലിയ സ്റ്റീല്‍ പ്ലാന്‍റുകളിലൊന്നായ അസോവ്‌സ്റ്റാള്‍ പ്ലാന്‍റും റഷ്യ തകര്‍ത്തിരുന്നു. റഷ്യന്‍ ടാങ്കുകളും ഇപ്പോള്‍ മരിയുപോളിലെത്തിക്കഴിഞ്ഞു.
യുദ്ധം ഒരു മാസം പിന്നിട്ടതോടെ തങ്ങള്‍ യുദ്ധതന്ത്രം മാറ്റുകയാണെന്ന് റഷ്യയുടെ കേണല്‍ ജനറല്‍ സെര്‍ജി റുഡ്സ്കോയി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഉക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങള്‍ പെട്ടെന്ന് പിടിച്ചെടുക്കുക എന്നതായിരുന്നു റഷ്യയുടെ യുദ്ധതന്ത്രം. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത ആയുധ പിന്‍ബലം ലഭിച്ചതോടെ ഉക്രൈന്‍ സേന കടുത്ത ചെറുത്തുനില്‍പ് നടത്തിയതോടെ റഷ്യയുടെ ഈ പദ്ധതി പൊളിഞ്ഞു. അമേരിക്ക നല്‍കിയ ശക്തമായ ആന്റി ടാങ്ക് മിസൈലുകളും വൈദഗ്ധ്യമുള്ള അസൊവ് പോരാളികള്‍ ഉള്‍പ്പെടെയുള്ള സൈനികരും ഉള്ള ഉക്രൈന്‍ സേനയുടെ ആക്രമണത്തില്‍ 7,000ല്‍പരം റഷ്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെ ആയുധങ്ങള്‍ നശിക്കുകയും ചെയ്തു. ഇതോടെയാണ് പ്രധാന നഗരങ്ങള്‍ പിടിക്കാതെ, റഷ്യന്‍ വിമതര്‍ക്ക് ആധിപത്യമുള്ള മേഖലകളായ കിഴക്കന്‍ ഉക്രൈന്‍ ആദ്യം പിടിക്കാമെന്ന പുതിയ തീരുമാനം റഷ്യ എടുത്തത്.
ഇതില്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികള്‍ എന്നറിയപ്പെടുന്ന യുദ്ധഭീകരന്മാരാണ് മരിയുപോള്‍ എന്ന കിഴക്കന്‍ ഉക്രൈന്‍ നഗരം കാക്കുന്നത്. ഇവരെ തോല്‍പിക്കാന്‍ കഴിഞ്ഞ ഒട്ടേറെ ദിവസങ്ങളായി റഷ്യ നടത്തിയ ശ്രമം ഇപ്പോഴാണ് ഏതാണ്ട് വിജയത്തിലെത്തിയതായി മരിയുപോള്‍ മേയര്‍ സമ്മതിച്ചത്. നേരത്തെ ആയുധം വെച്ച് കീഴടങ്ങാനുള്ള റഷ്യയുടെ താക്കീത് മരിയുപോളിലെ അസൊവ് പോരാളികള്‍ തള്ളിയിരുന്നു. അതോടെ ശക്തമായ ഷെല്ലാക്രമണവും മിസ്സൈല്‍ ആക്രമണവും നടത്തിവരികയായിരുന്നു റഷ്യ.
മരിയുപോള്‍ നഗരം റഷ്യയെ സംബന്ധിച്ചിടത്തോളം ഉക്രൈന്‍ യുദ്ധം ജയിക്കാനുള്ള തന്ത്രപ്രധാന നഗരമാണ്. കാരണം മരിയുപോള്‍ പിടിച്ചാല്‍ 2014ല്‍ റഷ്യ പിടിച്ചെടുത്ത ഉക്രൈനിലെ ക്രൈമിയയെ റഷ്യന്‍ വിഘടനവാദികള്‍ക്ക് ആധിപത്യമുള്ള ഡോണെറ്റ്‌സ്‌ക്, ലോഹാന്‍സ്‌ക് എന്നീ പ്രദേശങ്ങളുള്‍പ്പെട്ട ഡൊണ്‍ബാസുമായി ബന്ധിപ്പിക്കാന്‍ കഴിയും. അതോടെ ഉക്രൈന്റെ വലിയൊരു മേഖല റഷ്യയുടെ അധീനതയിലാകും. അതോടെ പുതിയ ഇടങ്ങളിലേക്ക് ആക്രമണം വര്‍ധിപ്പിക്കല്‍ എളുപ്പമാകും. എന്നാല്‍ കടുത്ത ഉക്രൈന്‍ ദേശീയവാദികളായ അസൊവ് പോരാളികളാണ് മരിയുപോള്‍ എന്ന തുറമുഖ നഗരത്തിന് കാവല്‍ നില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: