പത്തനംതിട്ട: വിഷു മുതല്‍ ശബരിമലയിലെ വഴിപാട് നിരക്കുകള്‍ വര്‍ധിക്കും. പുതിയ നിരക്കനുസരിച്ച് ഒരു ടിന് അരവണയ്ക്ക് 100 രൂപയാകും. നിലവില്‍ 80 രൂപയാണ് വില. ഏഴെണ്ണം അടങ്ങുന്ന ഒരു കവര്‍ അപ്പത്തിന് 40 രൂപയാകും. ഇപ്പോള്‍ 35 രൂപയാണ്.
നിലവില്‍ അഷ്ടാഭിഷേക വഴിപാടിന് 4700 രൂപ മുതല്‍ക്കൂട്ടും 300 രൂപ സപ്ലെയറും ഉള്‍പ്പെടെ 5000 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്കനുസരിച്ച് മുതല്‍ക്കൂട്ട് 5700 രൂപയാകും. സപ്ലെയര്‍ ചാര്‍ജ് 300 രൂപയടക്കം 6000 രൂപയാകും. പുഷ്പാഭിഷേകത്തിന് ഇപ്പോള്‍ 10,000 രൂപ എന്നത് 12,500 രൂപയായി. പൂക്കള്‍ നല്കുന്ന സപ്ലെയര്‍ക്ക് 7000 രൂപ നല്‍കിയിരുന്നത് 7500 രൂപയായും പുതുക്കി.
പമ്പ ദേവസ്വത്തിലെ വഴിപാട് നിരക്കും വര്‍ദ്ധിപ്പിച്ചു. വഴിപാട് നടത്തിപ്പിനാവശ്യമായ സാധനസാമഗ്രികളുടെ വില, കോണ്‍ട്രാക്ട് നിരക്ക്, വേതനം എന്നിവയില്‍ വര്‍ദ്ധനയുണ്ടായ സാഹചര്യത്തിലാണ് നിരക്ക് വര്‍ദ്ധനയെന്നാണ് ബോര്‍ഡിന്റെ ഭാഷ്യം.
ശബരിമലയില്‍ വഴിപാടുകളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ ഹൈക്കോടതിയുടെ അംഗീകാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് ഉത്തരവില്‍ പറയുന്നു. സ്വാമി പ്രസാദം പദ്ധതിയിലൂടെ തപാല്‍ വകുപ്പുമായി സഹകരിച്ച് ശബരിമല പ്രസാദം വീടുകളില്‍ എത്തിക്കുന്നതിനും നിരക്ക് ഉയരും. വഴിപാട് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ദേവസ്വം സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: