ബെംഗളൂരു: സ്‌കൂളിലും കോളെജുകളിലും ഹിജാബിന് പകരം യൂണിഫോം മതിയെന്ന കര്‍ണ്ണാടകഹൈക്കോടതി വിധിയ്‌ക്കെതിരെ മുസ്ലിംസംഘടന ബന്ദ് പ്രഖ്യാപിച്ചു. അമീര്‍ ഇ-ശരിയത്ത് മൗലാന സഗീര്‍ അഹ്മദ് ഖാന്‍ റഷാദി ആണ് മാര്‍ച്ച് 17 വ്യാഴാഴ്ച കോടതി വിധിക്കെതിരെ മുസ്ലിങ്ങള്‍ കര്‍ണ്ണാടകയില്‍ ബന്ദാചരിക്കുമെന്ന് പ്രഖ്യാപിച്ചത്.
‘ഹിജാബ് സംബന്ധിച്ച കര്‍ണ്ണാടക ഹൈക്കോടതി വിധിയോടുള്ള രോഷം പ്രകടിപ്പിക്കാന്‍ മാര്‍ച്ച് 17ന് കര്‍ണ്ണാടകയില്‍ സമ്പൂര്‍ണ്ണ ബന്ധ് ആചരിക്കും’- ഒരു വീഡിയോ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളില്‍ എല്ലാ വിഭാഗവും ബന്ദില്‍ പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
‘ഈ ബന്ദ് വിജയമാക്കണം. മതാചരണത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോഴും വിദ്യാഭ്യാസം സാധ്യമാണെന്ന് ഭരണാധികാരികളെ അറിയിക്കണം. നീതിയെ സ്‌നേഹിക്കുന്ന എല്ലാവരും മില്ലത്ത് ഇ-ഇസ്ലാമിയയും ബന്ദാചരിക്കണം’- അദ്ദേഹം പറഞ്ഞു.
യുവാക്കള്‍ ബന്ദില്‍ സമാധാനപൂര്‍ണ്ണമായി പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിജാബ് മതാചരണത്തിന്റെ അവിഭാജ്യഘടകമല്ലെന്ന് 129 പേജുള്ള വിധിയില്‍ കര്‍ണ്ണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്‌കൂളുകളില്‍ മതചിഹ്നത്തിന്റെ ഭാഗമായ ഹിജാബ് വേണ്ടെന്നും യൂണിഫോം മതിയെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസുമാരായ കൃഷ്ണ എസ് ദീക്ഷിത്, ജെ.എം. ഖാസി എന്നിവര്‍ ചേര്‍ന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച് വരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിലെ വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: