മട്ടാഞ്ചേരി (കൊച്ചി): പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയിലൂടെ കൊച്ചി തുറമുഖവും വികസനപാതയില്‍. 280 കോടി രൂപയുടെ രണ്ട് പദ്ധതികളാണ് തുറമുഖത്ത് നടപ്പാക്കുന്നത്. സൗത്ത് കോള്‍ ബെര്‍ത്ത് പുനര്‍നിര്‍മ്മാണവും, പുതുവൈപ്പിനില്‍ മള്ട്ടിയുസര് ലിക്വിഡ് ടെര്‍മിനലുമാണ് (മള്‍ട്ട്) പൂര്‍ത്തിയാകുന്നത്.
“മള്‍ട്ടി’നായി 180 കോടി രൂപയാണ് ചിലവഴിക്കുന്നത്. 230 മീറ്റര്‍ നീളമുള്ള 80,000 ടണ്‍ ശേഷിയുമുള്ള കപ്പലുകള്‍ നങ്കൂരമിടുന്ന അത്യാധുനിക സൗകര്യമുള്ള ജെട്ടിയാണ് പുതുവൈപ്പിനിലേത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുള്ള പാചകവാതക ഇറക്കുമതിയും, ഭാരത് പെട്രോളിയത്തിനുള്ള ഇന്ധന കയറ്റുമതിയുമടക്കമാണ് ലക്ഷ്യം. പദ്ധതി സപ്തംബറില്‍ കമ്മീഷന് ചെയ്യും.
ഫാക്ടിന്റെ അമോണിയ ഇറക്കുമതിയും സംഭരണിയുമുള്ള സൗത്ത് കോള്‍ ബെര്‍ത്ത് തുറമുഖ നഗരിയിലാണ്. 1976 മുതല്‍ അമോണിയ ഇറക്കുമതി ഈ ബര്ത്തിലൂടെയാണ്. ഫാക്ടിന്റെ വികസനത്തിനൊപ്പം അസംസ്കൃത വസ്തുവിന്റെ ആവശ്യകതയും ഉയര്‍ന്നതോടെയാണ് ബെര്‍ത്ത് നവീകരിക്കുന്നത്.
പുതിയ ജെട്ടിയും, ക്യൂ പത്ത് ബെര്‍ത്ത് നവീകരണവുമാണ് പദ്ധതിയില്‍ നടക്കുക. 19.19 കോടി രൂപയാണ് ചിലവ്. ഇതില്‍ 50 ശതമാനം കേന്ദ്ര സര്‍ക്കാരും, ബാക്കിഫാക്ടും തുറമുഖ ട്രസ്റ്റും ചിലവഴിക്കും. 2021 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയ പദ്ധതി ഈ ഏപ്രിലില്‍ കമ്മീഷന് ചെയ്യും.
തുടക്കം മുതല്‍ വകുപ്പുകളുടെ ക്രോഡീകരണവും വികാസവും സുതാര്യതയും ഉറപ്പാക്കുന്നതിലുടെ ഗതിശക്തി വികസന പദ്ധതികള്‍ ഏറെ മുന്നേറുകയാണന്ന് കൊച്ചി തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. ബീന ഐഎഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാക്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടി.പി. അജിത് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് സിജിഎം ആര്. രാജേന്ദ്രന്, ബിപിസി എല്‍ജി എം. കരുണാനിധി, തുറമുഖ ട്രസ്റ്റ് ട്രാഫിക്ക് മാനേജര്‍ വിപിന്‍ ആര്. മേനോത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: