അമ്പലപ്പുഴ: സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉത്തരവ് കാറ്റില്‍പ്പറത്തി മെഡിക്കല്‍ കോളേജാശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. നിയമിക്കപ്പെടുന്നതില്‍ ഭൂരിഭാഗം പേരും പാര്‍ട്ടി സഖാക്കള്‍. നടപടി സ്വീകരിക്കാതെ അധികൃതര്‍. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നത്. പിഎസ്സിയില് നിന്നോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നോ ഒഴിവില്ലെങ്കില്‍ ജില്ലാ സൈനിക ക്ഷേമ ബോര്‍ഡ് നല്കുന്ന ലിസ്റ്റില്‍ നിന്ന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണമെന്നാണ് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറത്തിറക്കിയ ആശുപത്രി വികസന സമിതി നിയമാവലിയില്‍ പറയുന്നത്.
ആറു മാസത്തിന് ശേഷം രണ്ടു ദിവസം താല്‍ക്കാലികമായി നീക്കം ചെയ്ത ശേഷം വീണ്ടും പരമാവധി മൂന്നു മാസം കൂടി മാത്രമേ ഇവരെ നിയമിക്കാവൂ എന്നാണ് ഉത്തരവ്.സെക്യൂരിറ്റി ജീവനക്കാരുടെ പരമാവധി വയസ് 50 കഴിയരുതെന്നും ഈ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഈ ഉത്തരവുകളെല്ലാം കാറ്റില്‍പ്പറത്തിയാണ് വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഇപ്പോഴും സെക്യൂരിറ്റി നിയമനം നടത്തുന്നത്.നിലവില്‍ ആശുപത്രി വികസന സമിതി നേരിട്ടാണ് സെക്യൂരിറ്റി നിയമനം നടത്തുന്നത്.
വിരമിച്ച നൂറു കണക്കിന് സൈനികരാണ് ജില്ലാ സൈനിക ക്ഷേമ ബോര്‍ഡില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ഇവരെ ഒഴിവാക്കിയാണ് ഇപ്പോഴും ദിവസവേതനാടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി സെക്യൂരിറ്റി നിയമനം നടത്തുന്നത്.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: