കാഞ്ഞാണി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെടിവച്ചു കൊല്ലണമെന്ന് ഫേസ്ബുക്കിലൂടെ കമന്റിട്ട സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതേത്തുടര്‍ന്ന് താന്ന്യം പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ഷൈനി ബാലകൃഷ്ണനെതിരെ കേസ് എടുത്തതായി അന്തിക്കാട് എസ്എച്ച്ഒ അനീഷ് കരീം പറഞ്ഞു.
2021 മെയ് 12 ന് ഫേസ്ബുക്കിലാണ് പ്രകോപനപരമായി പോസ്റ്റ് ഇട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ട ബിജെപി കിഴുപ്പിള്ളിക്കര മേഖല ഇന്‍ ചാര്‍ജ് പ്രദീപ് പള്ളത്ത് പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കുകയും ബിജെപി ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശംപ്രകാരം അന്തിക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടപടികള്‍ ഒന്നും ഉണ്ടാവാത്തതിനാല്‍ എസ്പി, കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം കേസെടുക്കാതെ പോലീസ് ഒത്തുകളിക്കുകയായിരുന്നു.
കേസെടുക്കാന്‍ കഴിയില്ല എന്ന് എസ്പി രേഖാമൂലം മറുപടി നല്‍കിയതോടെ ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഡ്വ. രാംകുമാര്‍ മുഖേന കോടതിയെ സമീപിച്ചു. നിരന്തരം നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ തൃശൂര്‍ നമ്പര്‍ 2 മജിസ്ട്രേറ്റ് കോടതി അന്തിക്കാട് പോലീസിനോട് കേസ് എടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുറഞ്ഞത് 2 വര്‍ഷം തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ആണ് കോടതി നിര്‍ദേശപ്രകാരം പോലീസ് ചുമത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: