ന്യൂയോര്‍ക്ക്: റഷ്യ- ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന് അതിര്‍ത്തി രാജ്യങ്ങളുമായി ചര്‍ച്ച നടത്താനൊരുങ്ങി യുഎസ്. അടുത്താഴ്ച പോളണ്ട്, റൊമേനിയ എന്നീ രാജ്യങ്ങളില്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് സന്ദര്‍ശനം നടത്തുന്നുണ്ട്. യുദ്ധഭീതിയില്‍ ജനങ്ങള്‍ പലായനം നടത്തുന്നത് സംബന്ധിച്ചാകും യുഎസ് ഈരാജ്യങ്ങളുമായി മുഖ്യമായും ചര്‍ച്ച നടത്തുക.
ഈ മാസം ഒമ്പത് മുതല്‍ 11 വരെയാണ് കമല ഹാരിസിന്റെ യൂറോപ്പ് സന്ദര്‍ശനം. നാറ്റോ സഖ്യത്തിന്റെ ശക്തിയും ഐക്യവും തെളിയിക്കുന്നതും നാറ്റോയുടെ യൂറോപ്പിലെ കിഴക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ വ്യക്തമാക്കുന്നതും ആയിരിക്കും കമല ഹാരിസിന്റെ സന്ദര്‍ശനമെന്ന വൈറ്റ് ഹൗസ് അറിയിച്ചു. ഉക്രൈന് ജനത അഭയം തേടുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളെയും എങ്ങനെ അമേരിക്കയ്ക്ക് സഹായിക്കാനാവും എന്നതും ചര്‍ച്ചയാവും.
അതേസമയം യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്രോഷ്യക്ക് പിന്നാലെ റഷ്യ ഉക്രൈനിലെ മറ്റൊരു ആണവ നിലയം കൂടി ലക്ഷ്യമിടുന്നതായി യുഎസ് അറിയിച്ചു. യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ രക്ഷാസമിതി യോഗത്തിലാണ് ആരോപണം ഉന്നയിച്ചത്. യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ന്‍സ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡറായ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. റഷ്യന്‍ സൈന്യം ഈ ആണവനിലയത്തിന്റെ 20 മൈല്‍ അകലെയായി നിലയുറപ്പിച്ചിരിക്കുകയാണ്. ആണവ നിലയം ലക്ഷ്യമിട്ട് സൈന്യമിപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. റഷ്യയുടെ ഈ നീക്കം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
ഉക്രൈന് മുകളില്‍ നോ ഫ്ളൈ സോണ്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം നാറ്റോ തള്ളി. തങ്ങള്‍ ഈ യുദ്ധത്തിന്റെ ഭാഗമല്ലെന്നായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ടെന്‍ബര്‍ഗിന്റെ പ്രതികരണം. നാറ്റോ സഖ്യകക്ഷികളെന്ന നിലയില്‍ ചില ഉത്തരവാദിത്തങ്ങളുണ്ട്. ഈ യുദ്ധം ഉക്രൈയ്ന്റെ അതിര്‍ത്തികള്‍ കടക്കരുത്. അങ്ങനെ സംഭവിച്ചാല്‍ അത് കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കുമെന്നാണ് സ്റ്റോള്‍ടെന്‍ബര്‍ഗ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: