കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തുമെന്ന് പ്രതീക്ഷിച്ച പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ഇത്തവണയും സെക്രട്ടറിയേറ്റിന് പുറത്ത്. ഏറെക്കാലമായി പിണറായിയുമായി അകന്നു കഴിയുന്നതാണ് ജയരാജന് വിനയായതെന്നാണ് സൂചന. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി. ജയരാജന് ഇനിയും 88 അംഗ സംസ്ഥാന കമ്മറ്റിയില്‍ ഒരു അംഗമായി മാത്രം തുടരും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 16 അംഗ പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയംഗങ്ങളായപ്പോള്‍ പാര്‍ട്ടിയില്‍ ഏറ്റവും സീനിയര്‍ നേതാക്കളിലൊരാളായ പി. ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടം നേടുമെന്ന് അണികള്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അസ്ഥാനത്തായി. കണ്ണൂരില്‍ നിന്നുളള പത്ത് സംസ്ഥാന സമിതിയംഗങ്ങളില്‍ ഒരാള്‍ മാത്രമായി ജയരാജന് മാറി.
ഇ.പി. ജയരാനും പി.കെ. ശ്രീമതിയുമടക്കമുളള കണ്ണൂരില്‍ നിന്നുളള നേതാക്കള്‍ക്ക് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത്തവണയും സ്ഥാനം കിട്ടിയപ്പോള്‍ പി. ജയരാജനെ കരുതികൂട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരിക്കുകയായിരുന്നുവെന്നാണ് വിവരം. ജയരാജനെ ഉള്‍പ്പെടുത്താത്ത നടപടി കണ്ണൂരിലെ സിപിഎമ്മിനകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്. ജൂനിയറായ നിരവധി നേതാക്കള്‍ സംസ്ഥാന സമിതിയില്‍ ഇടം നേടിയപ്പോള്‍ സീനിയറായ ജയരാജന് സെക്രട്ടറിയേറ്റില്‍ ഇടം കൊടുക്കാത്തത് വരും നാളുകളില്‍ കണ്ണൂരിലെ സിപിഎമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിയൊരുക്കുമെന്നും ഉറപ്പാണ്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ കാലയളവില്‍ വ്യക്തി പൂജ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് പി. ജയരാജനെ പാര്‍ട്ടിയില്‍ നിന്നും തരം താഴ്ത്തല്‍ തുടങ്ങിയത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകര ലോക്സഭയിലേക്ക് മത്സരിച്ചുവെങ്കിലും ജയരാജന് ദയനീയമായി പരാജയപ്പെട്ടു. ഇതിന് ശേഷം പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം തിരിച്ചു നല്കിയുമില്ല. അതിനു ശേഷം ഏറെക്കുറെ പാര്‍ട്ടിയില്‍ നിന്നും ഒറ്റപ്പെട്ട ജയരാജന് ഇപ്പോള്‍ വലിയ റോളൊന്നുമില്ല. ജയരാജന് രൂപീകരിച്ച സാന്ത്വന പരിചരണ സംഘടനയായ ഐആര്‍പിസിയുടെ പൂര്‍ണ്ണ അധികാരത്തില്‍ നിന്നും ജയരാജനെ ഏതാനും നാളുകള്‍ക്ക് മുമ്പ് മാറ്റിയിരുന്നു. എഴുപതു പിന്നിട്ട പി.ജയരാജന് സിപിഎമ്മിനുള്ളില്‍ ഇനിയൊരു തിരിച്ചു വരവില്ലെന്നതാണ് സംസ്ഥാന സമ്മേളനം വിരല്‍ ചൂണ്ടുന്നത്. പിണറായിയുടെ കൈപ്പിടിയിലായ പാര്‍ട്ടിയില്‍ ജയരാജനെ ഇനി മുഖ്യധാരയിലേക്ക് അടുപ്പിക്കില്ലെന്ന് വ്യക്തമാവുകയാണ്.
മയ്യിലിലെ ഒരു കലാ കൂട്ടായ്മ കണ്ണൂരിലെ ചെന്താരകമല്ലോ പി. ജയരാജന് എന്ന വാഴ്ത്തിപ്പാട്ടുമായി സംഗീത ആല്‍ബം പുറത്തിറക്കിയത് വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനമാണ് പി. ജയരാജന് നേരിടേണ്ടി വന്നത്. അന്നത്തെ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന് സംഘടനാ ചര്‍ച്ചയ്ക്കിടെ അതിരൂക്ഷമായ വിമര്‍ശനമാണ് ജയരാജനെതിരെ അഴിച്ചുവിട്ടത്. സംസ്ഥാന സെക്രട്ടറിയേറ്റും ഇക്കാര്യത്തില്‍ ജയരാജന് തെറ്റ്പറ്റിയതായി കണ്ടെത്തിയിരുന്നു. അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കണ്ണൂരില്‍ നിന്നുളള നേതാക്കളെല്ലാം പി.ജയരാജന് വ്യക്തി പൂജയില്‍ അഭിരമിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജയരാജന് തെറ്റു ചെയ്തില്ലെന്ന് പാര്‍ട്ടി അന്വേഷണ സമിതി റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ജയരാജനെതിരെ നിലപാട് കടുപ്പിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതെ തഴഞ്ഞതിന് പിന്നിലുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: