കൊച്ചി : സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കിയതില്‍ ഒന്നും പ്രതികരിക്കാതെ മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി. സുധാകരന്. എല്ലാം കഴിഞ്ഞല്ലോ ഒന്നും പ്രതികരിക്കാന്‍ ഇല്ലെന്ന് മാത്രം പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും സുധാകരന് ഒഴിഞ്ഞുമാറുകയായിരുന്നു.
സംസ്ഥാന സമിതിയില്‍ നിന്നും ഇത്തവണ 13 പേരെയാണ് പാര്‍ട്ടി പുറത്താക്കിയത്. പ്രായാധിക്യം ചൂണ്ടിക്കാട്ടയാണ് ഇവരെ പുറത്താക്കിയത്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന് മാത്രം ഇതില്‍ നിന്നും ഇളവ് നല്കി. സംസ്ഥാന സമിതി അംഗത്തിന് 75 വയസ്സാണ് പ്രായം നിശ്ചയിച്ചിരിക്കുന്നത്.
പ്രായപരിധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ സുധാകരനെ സംസ്ഥാന സമിതി യോഗത്തില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇതിന് വിശദീകരണം നല്‍കിയത്. സംസ്ഥാന സമിതിയില്‍ തുടരാന്‍ ആഗ്രഹം ഇല്ലെന്ന് കാണിച്ച് ജി.സുധാകരന് കത്ത് നല്‍കിയിരുന്നുവെന്നും കോടിയേരി അറിയിച്ചു.
സുധാകരനെ കൂടാതെ വൈക്കം വിശ്വന്, ആനത്തലവട്ടം ആനന്ദന്, പി കരുണാകരന്, കോലിയക്കോട് കൃഷ്ണന് നായര്‍, ഉണ്ണികൃഷ്ണ പിള്ള, കെ.പി. സഹദേവന്, കെ.ജോ തോമസ്, എം.എം. മണി, പി.പി. വാസുദേവന്‍, സി.പി. നാരായണന്, എം. ചന്ദ്രന്, കെ.വി. രാമകൃഷ്ണന് എന്നിവരാണ് ഒഴിവാക്കപ്പെട്ടവര്‍.
നേരത്തെ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ അടക്കം പുതിയ നേതൃനിര സംഘടിതമായി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം കാഴ്ചവെച്ചില്ലെന്ന് തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. ഇതില്‍ സുധാകരന് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സമിതി യോഗത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: