തൃശ്ശൂര്‍: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കൊവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വരുമാനത്തില്‍ തുടര്‍ച്ചയായുണ്ടായ കുറവ് മിക്ക അക്ഷയ കേന്ദ്രങ്ങളെയും അടച്ചുപൂട്ടലിന്റെ വക്കിലെത്തിച്ചു. കൊവിഡും അനുബന്ധ നിയന്ത്രണങ്ങളുമാണ് അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചത്. ഇതിനുപുറമേ സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുകളും പ്രതിസന്ധിക്കു കാരണമായെന്ന് നടത്തിപ്പുകാര്‍ പറയുന്നു.
ജനകീയ കമ്പ്യൂട്ടര്‍ സാക്ഷരത എന്ന ലക്ഷ്യത്തിനായി രണ്ടു പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച അക്ഷയ അതിനുശേഷം സര്‍ക്കാരിന്റെ വൈവിധ്യമാര്‍ന്ന പദ്ധതികളായ ഇ-ഗവേണന്‍സ്, ഡിജിറ്റല്‍ ഫിനാന്‍സിങ് തുടങ്ങിയവ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മുഖ്യപങ്കുവഹിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കീഴില്‍ തന്നെയുള്ള സാക്ഷരതാ മിഷന് അതോറിറ്റി, കുടുംബശ്രീ മിഷന് എന്നിവ പോലെ അക്ഷയ പദ്ധതിയെയും സ്ഥിരം സംവിധാനമാക്കി മാറ്റി സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന കേന്ദ്രമെന്ന നിലയില്‍ വൈദ്യുതിയും ഇന്റര്‍നെറ്റും സൗജന്യമായി നല്‍കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. അക്ഷയ വഴി നല്കുന്ന സേവനങ്ങള്‍ക്ക് മാന്യമായ പ്രതിഫലമില്ലെന്നതാണ് നടത്തിപ്പുകാരെ അലട്ടുന്ന പ്രധാന പ്രശ്നം.
വൈദ്യുതി, ഇന്റര്‍നെറ്റ് ചാര്‍ജുകള്‍, കമ്പ്യൂട്ടര്‍, പ്രിന്റര്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉപകരണങ്ങളുടെ ചെലവ്, പേപ്പര്‍, മഷി എന്നിവയുടെ വില എന്നിവ വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങളില്‍നിന്നു നല്കുന്ന വിവിധ സേവനങ്ങളുടെ പ്രതിഫലമായി ഭീമമായ തുകയാണ് ഐടി വകുപ്പിനു ലഭിക്കുന്നത്. ഇതില്‍ വകുപ്പിന്റെ വിഹിതം എടുത്ത ശേഷം ബാക്കി തുക അക്ഷയ നടത്തിപ്പുകാര്‍ക്കു സമയബന്ധിതമായി വിതരണം ചെയ്യാറുമില്ല. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള അംഗീകൃത സ്ഥാപനം അക്ഷയ കേന്ദ്രങ്ങളാണെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും സമാന്തര സ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പെരുകുന്നതിനു യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ല.
ജില്ലയില്‍ തുടക്കത്തില്‍ അഞ്ഞൂറോളം സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നതില്‍ പലതും ഇക്കാലയളവില്‍ പൂട്ടിപ്പോയി. പകുതിയില്‍ താഴെ സ്ഥാപനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ തന്നെ പലതും എപ്പോള്‍ വേണമെങ്കിലും പൂട്ടാവുന്ന തരത്തില്‍ കടുത്ത പ്രതിസന്ധിയിലായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: