തിരുവല്ല : നോക്കുകൂലി നല്‍കിയില്ലെന്ന് ആരോപിച്ച് സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ സിഐടിയുക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇരവിപേരൂരിലെ തടി വ്യവസായി ആയ വെണ്ണിക്കുളം സ്വദേശി സുബൈര്‍ റാവുത്തറിനെയാണ് സിഐടിയുക്കാര്‍ മര്‍ദ്ദിച്ചത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. സിപിഎം മുന്‍ ഏരിയാ സെക്രട്ടറിയുടെ പുരയിടത്തിലെ മൂന്ന് ആഞ്ഞിലി തടികള്‍ സുബൈര്‍ വാങ്ങിയിരുന്നു. തടിമുറിയ്ക്കുന്ന വിവരം യൂണിയനെ അറിയിച്ച് അനുമതി വാങ്ങി. സിഐടിയു തൊഴിലാളികള്‍ 6500 രൂപ നോക്കുകൂലി ആവശ്യപ്പെട്ടു. 3000 രൂപ കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വഴങ്ങിയില്ല.
തുടര്‍ന്ന് സുബൈര്‍ തടി ക്രൈയിന്‍ ഉപയോഗിച്ച് ലോറിയില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. ഇതോടെ സിഐടിയു സംഘം ഫോണ്‍ വിളിച്ച് നിരന്തരം നോക്കുകൂലി ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്തു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പരാതി നല്‍കിയതിന് പിന്നാലെ സിഐടിയുക്കാര്‍ സംഘം ചേര്‍ന്ന് സുബൈറിന് നേരെ ആക്രമണം നടത്തുകയായിരുന്നു. കാറിലും ബൈക്കിലുമായെത്തിയ സംഘം സുബൈറിനെ മര്‍ദ്ദിച്ചത്.
ഏരിയാ കമ്മറ്റി ഓഫീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായാണ് മര്‍ദ്ദിച്ചതെന്ന് സുബൈര്‍ അറിയിച്ചു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുബൈര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് സുബൈര്‍ തിരുവല്ല പോലീസില്‍ പരാതി നല്കി. സിപിഎം വെണ്ണിക്കുളം ടൗണ്‍ ബ്രാഞ്ച് കമ്മറ്റിയംഗമാണ് സുബൈര്‍.
അതേസമയം നോക്കുകൂലി ചോദിച്ചിട്ടില്ലെന്നും കൂലിത്തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും സിഐടിയു വിഷയത്തില്‍ പ്രതികരിച്ചു. ഇരുവരും പാര്‍ട്ടി പ്രവര്‍ത്തകരായതിനാല്‍ സംഭവം വിശദമായി പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നും സിഐടിയു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: