കോട്ടയം: സിപിഎം ഭരിക്കുന്ന കാരാപ്പുഴ സഹകരണ ബാങ്കിലും വന്‍ തട്ടിപ്പെന്ന് പരാതി. ഒരു കോടി രൂപയിലധികം തട്ടിയെടുത്തതായി സിപിഎം പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു. രഹസ്യ അന്വേഷണം നടത്തി തട്ടിപ്പുകാരെ രക്ഷിക്കാന്‍ നീക്കവുമായി സിപിഎം ഏരിയ കമ്മിറ്റി രംഗത്തെത്തിയത് പ്രതിഷേധത്തിന് ഇടയാക്കി. തട്ടിപ്പ് നടത്തിയത് സിഐടിയു ചുമട്ട് തൊഴിലാളി യൂണിയന് സംസ്ഥാന സെക്രട്ടറിയായ നേതാവാണെന്നാണ് പുറത്തു വരുന്ന വിവരം.
1.13 കോടി രൂപ ബാങ്കിന് നഷ്ടടപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. തട്ടിപ്പു സംഭവം പുറത്തു വരാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സിപിഎം, രഹസ്യമായി അന്വേഷണം നടത്തുന്നതിനായി കോട്ടയം ഏരിയ കമ്മിറ്റിയില്‍ നിന്നും രണ്ടംഗ അന്വേഷണ കമ്മിഷനെയും നിയമിച്ചു. കണ്ണൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനു സമാനമായ രീതിയിലാണ് കോട്ടയത്തും സിപിഎം നേതാവിന്റെ നേതൃത്വത്തില്‍ തട്ടിപ്പു നടത്തിയിരിക്കുന്നത്. രണ്ടു മാസം മുന്‍പാണ് സിഐടിയു ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറിയും, സിപിഎം കോട്ടയം ഏരിയ കമ്മിറ്റി അംഗവും, കാരാപ്പുഴ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എച്ച് സലിമിനെതിരെ പരാതി ഉയര്‍ന്നത്. ഇയാളെ കൂടാതെ ബാങ്ക് പ്രസിഡന്റ് മോഹനനെതിരെയും, ബാങ്ക് സെക്രട്ടറി മനോജിനെതിരെയും സിപിഎം ജില്ലാ കമ്മിറ്റിയ്ക്ക് പരാതി ലഭിച്ചിരുന്നു.
ഒരു ലക്ഷം രൂപയില്‍ താഴെ വില ലഭിക്കുന്ന അഞ്ച് സെന്റ് വയലിന്റെ ഈടിന്മേല് ഒരു കോടി രൂപയിലധികം ബാങ്കില്‍ നിന്നും തട്ടിയെടുത്തതായാണ് പരാതി. എം.എച്ച് സലിമിന്റെ പേരിലുള്ള അഞ്ച് സെന്റ് സ്ഥലം ഈടു കാണിച്ച് 25 ലക്ഷം രൂപ ബാങ്കില്‍ നിന്നും വായ്പയെടുത്തുവെന്നും പരാതിയില്‍ പറയുന്നു. ഈ പ്രദേശത്ത് സെന്റിന് ഒരു ലക്ഷം രൂപയില്‍ താഴെ മാത്രമാണ് ഭൂമിക്ക് വിലയുള്ളത്. എന്നാല്‍ ബാങ്കു നടത്തിയ വില നിര്‍ണ്ണയത്തില്‍ അഞ്ചു സെന്റിന് ഏഴര ലക്ഷം രൂപയാണ് അനുവദിച്ചത്. ഇത്തരത്തില്‍ വ്യാജ രേഖ ചമച്ചും അഴിമതിയും സ്വജനപക്ഷപാതവും നടത്തിയുമാണ് തട്ടിപ്പു നടത്തിയതെന്നും പരാതിക്കാര്‍ പറയുന്നു.
സാധാരണ ഈടു വസ്തുവിന്റെ മാര്‍ക്കറ്റ് വിലയുടെ പകുതി മാത്രമേ വായ്പയായി അനുവദിക്കാവൂ എന്നാണ് ചട്ടം. എന്നാല്‍ ഇത് മറികടന്ന് 25 ലക്ഷം രൂപയാണ് അഞ്ചു സെന്റിന് വായ്പയായി അനുവദിച്ചത്. ഈ തുകയില്‍ പത്തു ലക്ഷം രൂപ ബാങ്കില്‍ ഫിക്സഡ് ഡിപ്പോസിറ്റായി സലിം ബാങ്കില്‍ നിക്ഷേപിച്ചു. തുടര്‍ന്ന്, ബാങ്കില്‍ നിന്നും ചിട്ടി പിടിച്ചു. ഈ ചിട്ടി പിടിക്കുന്നതിനു ഈടായി നല്‍കിയത് ബാങ്കിലെ തന്നെ ഫിക്സഡ് ഡിപ്പോസിറ്റായി നല്കിയ തുകയായിരുന്നു. പത്തു ലക്ഷം രൂപ ചിട്ടി പിടിച്ച ശേഷം ഈ ഫിക്സഡ് ഡിപ്പോസിറ്റ് ഇദ്ദേഹം പിന്‍വലിക്കുകയും ചെയ്തു. ഇത്തരത്തില്‍ 45 ലക്ഷം രൂപയും, ഇതിന്റെ പലിശയും അടക്കം 1.13 കോടി രൂപയാണ് ബാങ്കില്‍ നിന്നും വ്യാജ രേഖകള്‍ നല്കി തട്ടിയെടുത്തിരിക്കുന്നത്.
സംഭവത്തില്‍ പാര്‍ട്ടിയ്ക്കു പരാതി നല്കിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടിതല നടപടി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടി രഹസ്യ അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മിഷന് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ നടപടികള്‍ എങ്ങും എത്തിയിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വന്‍ തട്ടിപ്പ് നടത്തിയിട്ടും പോലീസ് അന്വേഷണമോ, സഹകരണ വകുപ്പിന്റെ വിജിലന്‍സിനോ പരാതി നല്കുവാന് ബാങ്ക് തയ്യാറായിട്ടുമില്ല. തട്ടിപ്പിനെതിരെ സഹകാരികളുടെയും നിക്ഷേപകരുടെയും ഇടയില്‍ വ്യാപക പ്രതിഷേധവും, ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.
സമാനമായ തട്ടിപ്പ് കഴിഞ്ഞ ദിവസം കുമാരനല്ലൂര്‍ സഹകരണ ബാങ്കിലും നടന്നിരുന്നു അവിടെയും സിപിഎം മുന്‍ ഏരിയാ കമ്മറ്റി അംഗമാണ് തട്ടിപ്പു നടത്തിയത്. ബാങ്കില്‍ നിന്നും വായ്പയെടുത്ത തുക തിരിച്ചടവിനായി ഇയാളെ ഏല്പിച്ചതാണ് ബാങ്കില്‍ അടയ്കാതെ ഇയാള്‍ സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചത്.ലക്ഷക്കണക്കിനു രൂപ ഇയാള്‍ തട്ടിയെടുത്തിട്ടും പോലീസിലോ, സഹകരണ വിജിലന്‍സിലോ ഇക്കാര്യം ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടുമില്ല. എന്നാല്‍ ഇയാളെ താല്കാലികമായി ജോലിയില്‍ നിന്നും മാറ്റി നിര്ത്തിയതൊഴിച്ചാല് മറ്റു നിയമ നടപടികളൊന്നും ഇയാള്‍ക്കെതിരെ സ്വീകരിക്കുവാന്‍ ബാങ്കു ഭരിക്കുന്ന സിപിഎമ്മുകാര്‍ തയ്യാറായിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: