ചങ്ങനാശേരി: നഗരസഭയില്‍ തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗം സംഘര്‍ഷത്തിന്റെ വക്കിലെത്തി. നഗരസഭയിലെ ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതിന് നഗരകാര്യ ഡയറക്ടറുടെ നിര്‍ദ്ദേശം നടപ്പാക്കുന്നതിനുള്ള തസ്തികകള്‍ കുറവ് ചെയ്യുന്നത് സംബന്ധിച്ചുള്ള അജണ്ടയിലാണ് സിപിഎം കൗണ്‍സിലര്‍മാര്‍ സംഘര്‍ഷവുമുണ്ടാക്കിയത്.
കൗണ്‍സില്‍ യോഗം തുടങ്ങിയപ്പോള്‍ ബിജെപി കൗണ്‍സിലര്‍ പ്രസന്നകുമാരി ടീച്ചര്‍ കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയില്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ട സംഭവം ഉന്നയിച്ചു. മൂന്ന് ദിവസം നഗരസഭാ ഓഫീസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തി ജീവനക്കാര്‍ സമരം ചെയ്തിരുന്നു. ചെയര്പേഴ്സന് വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നു. പി.ആര്. വിഷ്ണു ദാസും ചെയര്‍പേഴ്സനോട് വിശദീകരണം ആവശ്യപ്പെട്ടു.
കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കൗണ്‍സിലര്‍മാര്‍ക്ക് നേരിട്ടെത്തിക്കുന്നതിന് നിയോഗിച്ച അജി എന്ന ജീവനക്കാരന് മൂന്നു ദിവസം ഓഫീസില്‍ വരാതെയിരുന്നതിനെ തുടര്‍ന്ന് ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇയാളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎം യൂണിയനില്‍പ്പെട്ട ജീവനക്കാര്‍ സമരം ചെയ്തതിനാലാണ് ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടതെന്ന് ചെയര്‍പേഴ്സണ്‍ സസ്യാ മനോജ് മറുപടി നല്കി.
നഗരസഭയുടെ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ നഗരകാര്യ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പുനര്‍വിന്യസിക്കുന്നതിന് എക്സിക്യൂട്ടീവ് എന്‍ജീനീയര്‍, ജെപിഎച്ച്എന്‍ (4), എഇ (1), ഫീമയില്‍ അറ്റന്‍ഡന്റ് (4), സെക്രട്ടറിയുടെ പിഎ, ടൈപ്പിസ്റ്റ് (1) എന്നീ തസ്തികകള്‍ കുറവു ചെയ്യാന്‍ അജണ്ടയില്‍ ഉള്പ്പെടുത്തയിരുന്നു. ഇതിന് പകരമായി അസി. എക്സിക്യുട്ടീവ് എന്‍ജിനിയര്‍, സീനിയര്‍ ക്ലര്‍ക്ക്, ക്ലര്‍ക്ക്, സൂപ്രണ്ട് എന്നീ തസ്തികകളില്‍ ഒന്നു വീതം അനുവദിക്കുന്നതിനും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഇതിനെ എതിര്‍ത്ത് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ സിപിഎം അംഗങ്ങള്‍ രംഗത്തുവന്നു. അജണ്ട പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. അജണ്ട മാറ്റിെല്ലന്ന് ഭരണകക്ഷിയായ യുഡിഎഫ്- കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ നിലപാടെടുത്തു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം വോട്ടിങ്ങ് ആവശ്യപ്പെട്ടു ഇതില്‍ ക്ഷുഭിതരായ സിപിഎം അംഗങ്ങള്‍ ചെയര്‍മാന്റെ മേശയ്ക്ക് മുന്നിലെത്തി അജണ്ട കീറിയെറിയുകയും മൈക്ക് തട്ടി തെറിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് ഭരണകക്ഷിയംഗങ്ങളും സിപിഎം അംഗങ്ങളും വേദിയിലേക്ക് കയറുകയും നിലപാടുകള്‍ ആവര്‍ത്തിക്കുകയും ഇത് സംഘര്‍ഷത്തലേക്ക് നീങ്ങുകയുമായിരുന്നു. ഏറെ നേരത്തെ സംഘര്‍ഷത്തിനൊടുവില്‍ വിശദമായ ചര്‍ച്ചയ്ക്കായി അജണ്ട മാറ്റി വച്ചതായി ചെയര്പേഴ്സന് യോഗത്തില്‍ പ്രഖ്യാപിച്ചു. നഗരസഭയില്‍ സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ശമ്പളം നല്‍കുന്നതിന് തടസ്സം നേരിടുന്നുണ്ട്. വെട്ടിക്കുറയ്ക്കുന്ന തസ്തികള്‍ക്ക് 60 ലക്ഷം രൂപയോളം ചിലവഴിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടര്‍ന്നാണ് തസ്തികകള്‍ കുറവ് ചെയ്യുന്നതിന് തീരുമാനിച്ചത്. ഇതിനെതിരെയാണ് കൗണ്‍സില്‍ യോഗത്തില്‍ ബഹളവും സംഘര്‍ഷവുമുണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: