ഓയൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള പയ്യക്കോട് അടുതല റോഡിന്റെ റീ ടാറിംഗ് ടെണ്ടര്‍ ചെയ്തിട്ട് മാസങ്ങള്‍ പിന്നിടുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതിനാല്‍ ഇവിടെ പൊടിശല്യം രൂക്ഷമാണ്. വീതി കൂട്ടുന്നതിന്റെ ഭാഗമായി വശങ്ങളില് ഉറപ്പിച്ച ഒന്നര ഇഞ്ച് മെറ്റലും മണ്ണും ഇളകി റോഡില്‍ കിടക്കുന്നതിനാല്‍ കാല്‍നട യാത്ര പോലും ഇവിടെ ദുഷ്ക്കരമായി. വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് നിത്യസംഭവവുമാണ്. റോഡിന്റെ വീതി കൂട്ടുന്നതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വകുപ്പ് മന്ത്രിക്കും, ജില്ലാ കളക്ടര്‍ക്കും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്.
പയ്യക്കോട് മുതല്‍ അടുതല വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം റീ ടാര്‍ ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ വകയിരുത്തി ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. നിലവില്‍ നാല് മീറ്റര്‍ വീതിയിലുള്ള ടാറിങ് വീതി കൂട്ടി അഞ്ചര മീറ്റര്‍ ടാര്‍ ചെയ്യുന്നതിനും പ്രധാനപ്പെട്ട വളവുകളിലുള്പ്പെടെയുള്ള സ്ഥലത്തും കോണ്‍ക്രീറ്റ് ചെയ്യുന്നതിനുമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. അതിന്റെ ആദ്യപടിയായി റോഡിന്റെ വശങ്ങളിലെ കയ്യേറ്റം ഒഴിപ്പിച്ച് വീതി കൂട്ടുകയായിരുന്നു. വീതി കൂട്ടലിന്റെ ഭാഗമായി ഇരുവശങ്ങളിലെയും മണ്ണെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുന്നതായി പരാതി ഉയര്‍ന്നതും വിവാദമായിരുന്നു.
റോഡിന്റെ ഒട്ടുമിക്ക സ്ഥലങ്ങളിലും പത്ത് മീറ്റര്‍ വരെ വീതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ ചില ഭാഗങ്ങളില്‍ ആറ് മീറ്റര്‍ പോലും വീതി ഇല്ലാത്ത ഭാഗങ്ങളില്‍ റോഡ് കയ്യേറ്റം ഒഴിപ്പിച്ച് വീതികൂട്ടാത്തതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതോടെ പരിസരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്. എസ്റ്റിമേറ്റ് എടുത്തതിലെ അപാകതയാണ് നിലവില്‍ സംഭവിച്ചിരിക്കുന്നതെന്നും എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കിട്ടിയാലുടന്‍ ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്നാണ് ഔദ്യോഗിക ഭാഷ്യം.
റോഡ് വീതി കൂട്ടുന്നതിലെ അപാകതകള്‍ പരിഹരിക്കണമെന്നും പ്രദേശവാസികള്‍ക്കും, യാത്രികരും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ജനങ്ങളുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: