ജിജേഷ് ചുഴലി
കോഴിക്കോട്: കഴിഞ്ഞ ദിവസം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കൊല്ലപ്പെട്ട മഹാരാഷ്ട്ര സ്വദേശിനി ജിയറാം ജിലോട്ടിന്റെ ജീവിതം പ്രണയത്തിന്റെയും വഞ്ചനയുടെയും ദുരന്തങ്ങളുടെയും കടുംവര്‍ണങ്ങള്‍ നിറഞ്ഞതായിരുന്നു. ഇതരമതസ്ഥനായ മലയാളി യുവാവിനെ പ്രണയിച്ച് വീടു വിട്ടിറങ്ങിയപ്പോള്‍ സന്തോഷം നിറഞ്ഞ പുതുജീവിതമായിരുന്നു ജിയറാമിന്റെ മനസ് നിറയെ. എന്നാല്‍ ആ ദാമ്പത്യം അധിക വര്‍ഷം നീണ്ടില്ല.വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഉപേക്ഷിച്ചുപോയ ഭര്‍ത്താവിനെ തേടി കൈക്കുഞ്ഞുമായി ജിയറാം തലശ്ശേരിയില്‍ എത്തി. ഒടുവില്‍ സമനിലതെറ്റി അലഞ്ഞ് തിരിഞ്ഞ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സെല്ലില്‍ കൊല്ലപ്പെടാനായിരുന്നു ജിയറാമിന്റെ വിധി.
തലശ്ശേരി സ്വദേശിയായ റഹ്മാന് എന്ന യുവാവുമായി പ്രണയത്തിലായി ഒളിച്ചോടുകയായിരുന്നു ജിയറാം. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിയറാം പ്രണയം തലയ്ക്ക് പിടിച്ചതോടെ തന്റെ ഭാവി ഓര്‍ക്കാതെ വീട്ടുകാരെ ഉപേക്ഷിച്ച് റഹ്മാനോടൊപ്പം ജീവിക്കാന്‍ തീരുമാനിച്ച് കേരളത്തിലേക്ക് വന്നു. ഭര്‍തൃവീട്ടില്‍ എത്തുമ്പോള്‍ ജിയറാമിന്റെ മനസില്‍ മുഴുവന്‍ സന്തോഷമായിരുന്നു. ഭര്‍തൃവീട്ടുകാര്‍ സ്നേഹപൂര്‍വ്വം വരവേല്‍ക്കുമെന്ന് കരുതിയ ജിയറാമിന് തെറ്റി. മകന്റെ ഭാര്യ മുസ്ലിമല്ല എന്ന് വീട്ടകാര്‍ അറിഞ്ഞതോടെ വീട്ടുകാരുടെ ഭാവം മാറി. വീട്ടില്‍ താമസിപ്പിക്കണമെങ്കില്‍ മുസ്ലിം ആകണമെന്ന് അവര്‍ വാശിപിടിച്ചതോടെ ജിയറാം മതംമാറ്റത്തിന് തയാറായി. വൈകാതെ പൊന്നാനിയില്‍ കൊണ്ടുപോയി മതം മാറ്റി.
അങ്ങനെ മുസ്ലിം നാമത്തില്‍ ജിയറാം കുറെ വര്‍ഷം റഹ്മാന്റെ വീട്ടില്‍ താമസിച്ചു. അതിനു ശേഷം ഇവര്‍ കുടുംബസമേതം മഹാരാഷ്ട്രയിലേക്ക് മടങ്ങി. ആ യാത്രയില്‍ ഗോവയില്‍ വച്ച് ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ റഹ്മാന്റെ ഉമ്മ മരിച്ചു. കുട്ടിക്ക് പരിക്കേറ്റു. ഗോവയിലെ ആശുപത്രിയില്‍ ട്രീറ്റ്മെന്റിന് ശേഷം തലശ്ശേരിയിലെ സഹകരണ ആശുപത്രില്‍ കുറേനാള്‍ ജിയറാം ചികിത്സയിലായി. വീണ്ടും തന്റെ ജീവിതം അനാഥമായ അവസ്ഥയില്‍ ആയപ്പോള്‍ തലശ്ശേരി ആശുപത്രിയില്‍ വച്ച് പരിചയപ്പെട്ട മഹാരാഷ്ട്ര സ്വദേശി അശോക് വര്‍മ്മയെ ജിയറാം വിവാഹം കഴിച്ചു. ആ വിവാഹത്തില്‍ ഒന്നര വയസുള്ള ഒരു കുട്ടിയുണ്ട്. ആ കുട്ടി ഇപ്പോള്‍ കണ്ണൂര്‍ പട്ടുവം ശിശുമന്ദിരത്തില്‍ ആണ്. ആദ്യവിവാഹത്തിലുണ്ടായ കുട്ടി അമ്മാവന്റെ കൂടെ മുംബൈയിലാണ്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ജിയറാം വീണ്ടും ഒന്നര വയസ്സുള്ള കുഞ്ഞുമായി റഹ്മാന്റെ വീട്ടില്‍ എത്തിയത്. റഹ്മാന് ഇവിടെയില്ലെന്ന് പറഞ്ഞതോടെ പോലീസിനെ അറിയിക്കുകയായരുന്നു.
പോലീസുകാര്‍ തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം കൊടുത്ത് മടങ്ങാന്‍ നിര്‍ദേശിച്ചു. പക്ഷേ യുവതി തിരികെ പോയില്ല. സമനില തെറ്റിയ അവസ്ഥയില്‍ തലശ്ശേരിയിലും പരിസരങ്ങളിലും അലയാന്‍ തുടങ്ങി. ഒരു ദിവസം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍
പോലീസില്‍ അറിയിച്ചു. തുടര്‍ന്ന് കുട്ടിയെ ശിശുമന്ദിരത്തിലേക്കും യുവതിയെ മഹിളാമന്ദിരത്തിലേക്കും മാറ്റി. അവിടെ നിന്നും ബഹളം വച്ച യുവതിയെ തലശ്ശേരി പോലീസ് കുതിരവട്ടം മാനിസികാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. സെല്ലില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച രാത്രി മാനസികരോഗിയായ മറ്റൊരു യുവതിയുടെ അടിയേറ്റാണ് ജിയറാം മരിച്ചത്. ഇവിടത്തെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: