കൊച്ചി: ഹൈന്ദവ സമാജത്തിന്റെ പാദപൂജ പോലുള്ള അനുഷ്ഠാനങ്ങള്‍ ചോദ്യം ചെയ്യുന്നതിനുള്ള ധാര്‍ഷ്ട്യം ദേവസ്വം മന്ത്രി പ്രകടിപ്പിച്ചത് അത്യന്തം അപലപനീയമാണെന്ന് സന്യാസി മാര്‍ഗദര്‍ശക മണ്ഡല് സംസ്ഥാന അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ക്ഷേത്ര സംബന്ധിയായി നിത്യ, നൈമിത്തികങ്ങളായ അനവധി ആചാരങ്ങള്‍ പ്രാചീനമായി നിലവിലുണ്ട്.
കൂട്ടത്തില്‍ ശ്രദ്ധേയമായ ഒരു നൈമിത്തിക ആചാരമാണ് വേദജ്ഞന്മാരായ വിദ്വാന്മാരുടെ അഥവാ ബ്രാഹ്മണരുടെ കാല് കഴികിച്ചൂട്ടുകയെന്നത്. ഇത് നവോത്ഥാന കേരളത്തിന് യോജിച്ചതല്ല എന്ന വിലയിരുത്തല്‍ ഹിന്ദു മത വിശ്വാസികളെ അപമാനിക്കുന്നതിന് തുല്യമാണ്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ പാദപൂജാ ചടങ്ങ് നിരോധിക്കാന്‍ ദേവസ്വം മന്ത്രിക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ തന്ത്രിയും, ധാര്‍മിക ആചാര്യന്മാരും, ഭക്തജനങ്ങളുമാണ് തീരുമാനമെടുക്കേണ്ടത്.
രാഷ്ട്രീയക്കാരും, മന്ത്രിമാരും ക്ഷേത്രാനുഷ്ഠാന കാര്യങ്ങളില്‍ ഇടപെടുന്നത് അനുവദിച്ചു കൂട. ഹൈന്ദവ ജനത ഇത്തരം കടന്നുകയറ്റങ്ങളും അനീതിയും അനുവദിച്ചാല്‍ അതത്യന്തം ആത്മഹത്യാപരമായിരിക്കും. ഹൈന്ദവ സമാജത്തില്‍ നടന്നുവരുന്ന യതി പൂജ, ഗുരുപൂജ, മാതൃപൂജ, നവരാത്രി കാലത്ത് നടത്താറുള്ള കുമാരി പൂജ എന്നിവയും നിരോധിക്കാനും ഇവര്‍ തയ്യാറാവും. അഗ്നിയില്‍ നെയ്യ് ഹോമിക്കുന്നത് ശരിയല്ല, വെളിച്ചപ്പാടിന്റെ അരുളപ്പാട് നിരോധിക്കണം, ശിലാവിഗ്രഹങ്ങള്‍ പൂജിക്കുന്നത് തെറ്റെന്ന് അധികം വൈകാതെ സര്‍ക്കാര്‍ പറയുന്ന സ്ഥിതിയുണ്ടാകും. അതു കൊണ്ട് ഹിന്ദു സമാജം ഈ അതിക്രമങ്ങളെ മുളയിലേ നുളളിക്കളയണം.
മന്ത്രിമാരുടേയും, രാഷ്ട്രീയക്കാരുടേയും മാനദണ്ഡങ്ങള്‍ വെച്ച് അനുഷ്ഠാനങ്ങളെ വിലയിരുത്താനും നിന്ദിക്കാനും ശ്രമിക്കരുത്. മറ്റു മതങ്ങളുടെ അനുഷ്ഠാന കാര്യത്തില്‍ മതേതര സര്‍ക്കാര്‍ ഇടപെടാന്‍ ധൈര്യം കാണിക്കാത്തത് എന്താണെന്ന് അദ്ദേഹം ചോദിച്ചു. ദേവസ്വം മന്ത്രിയുടെ ധിക്കാരപരമായ പ്രസ്താവനയെ ഹിന്ദു മതത്തെ നശിപ്പിക്കാന്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള ബോധപൂര്‍വമായ ഇടപെടലായി മാത്രമേ കാണാന്‍ സാധിക്കൂ. ഇത്തരം പ്രകോപനപരമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്നും, ഹൈന്ദവ വിരുദ്ധ സമീപനങ്ങളില്‍ നിന്നും മന്ത്രിമാര്‍ പിന്മാറണമെന്നും സന്യാസി മാര്‍ഗദര്‍ശക മണ്ഡല് സംസ്ഥാന അദ്ധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമിയും മറ്റ് സ്വാമിമാരും ആവശ്യപ്പെട്ടു.
യോഗത്തില്‍ ചിന്മയ മിഷനിലെ സ്വാമി വിവിക്താനന്ദസരസ്വതി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥ, മാതാ അമൃതാനന്ദമയീമഠം സ്വാമി അനഘാമൃതാനന്ദപുരി, സംബോധ് ഫൗണ്ടേഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി, ശ്രീരാമദാസ മിഷന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, ശ്രീരാമകൃഷ്ണമഠം സ്വാമി നന്ദാത്മജാനന്ദജി, സ്വാമി അയപ്പദാസ്, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ഡോ. ധര്‍മ്മാനന്ദ സ്വാമികള്‍, മാര്‍ഗദര്‍ശക മണ്ഡലം സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, മാര്‍ഗദര്‍ശക് മണ്ഡലം സംയോജക് സ്വാമി ഋതാനന്ദപുരി, ശുഭാനന്ദാ ശ്രമം സെക്രട്ടറി സ്വാമി ഗീതാനന്ദ, വിഎച്ച്പി ജോയിന്‍ സെക്രട്ടറി സ്ഥാണു മാലയന്‍, വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: