കെ. ഹസ്സന് കോയ
വ്യാപാരികളെ സംഘടിതരാക്കുന്നതിനും അവരെ ആവശ്യ-അവകാശങ്ങളെകുറിച്ച് ബോധവാന്മാരാക്കുന്നതിനും കേരളത്തിലുടനീളം പ്രവര്‍ത്തിച്ച നേതാവാണ് വിടപറഞ്ഞ ടി.നസിറുദ്ദീന്‍. 1991 ല്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇക്കാലമത്രയും ആ പദവിയിലിരുന്ന് സംഘടനയെ നയിക്കുകയായിരുന്നു. സംഘടനാതലപ്പത്തിരുന്ന് അദ്ദേഹം നേടിയെടുത്ത വിശ്വാസ്യതയും അംഗീകാരവും കാരണം പകരക്കാരനില്ലാത്ത തരത്തില്‍ മാതൃകയാര്‍ന്ന നേതാവായി അദ്ദേഹം മാറി. വ്യാപാരികളുടെ ഏതാവശ്യത്തിന് വേണ്ടിയുള്ള സമരങ്ങളെ അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. വില്പന നികുതി ഉദ്യോഗസ്ഥരുടെ കടപരിശോധനയ്ക്കെതിരെ സംസ്ഥാനത്തുടനീളം അദ്ദേഹമുയര്‍ത്തിയ ശക്തമായ പ്രതിരോധം ഇതിന് തെളിവാണ്. വില്പന നികുതി നിയമവ്യവസ്ഥയിലെ 26-ാം വകുപ്പ് പ്രകാരം മാത്രമേ കടപരിശോധനയ്ക്ക് അനുവദിക്കുകുള്ളൂവെന്ന് പറഞ്ഞ് വ്യാപാരികള്‍ നടത്തിയ ഐതിഹാസികമായ സമരം ഒരു ജനകീയ സമരമായി മാറുകയാണുണ്ടായത്.
വ്യാപാരികളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്തും സമരം ചെയ്തും കാലോചിതമായ പരിഷ്ക്കാരങ്ങള്‍ വരുത്തുന്നതില്‍ അദ്ദേഹംവിജയിച്ചു. സംസ്ഥാനത്തുടനീളം ഇന്ന് കാണുന്ന വ്യാപാരഭവനുകള്‍ അദ്ദേഹത്തിന്റെ സ്വപന പദ്ധതിയുടെ പൂര്‍ത്തീകരണമാണ്. തുടക്കമെന്ന നിലയില്‍ കോഴിക്കോട്ടാണ് ആദ്യമായി വ്യാപാര ഭവന് നിര്‍മ്മിച്ചത്. തുടര്‍ന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വ്യാപാരഭവന് നിര്‍മ്മിക്കാനാവശ്യമായ പ്രചോദനമായി അത് മാറി. മരണമടയുന്നത് വരെ സംസ്ഥാന പ്രസിഡന്റായും ജില്ലാ പ്രസിഡന്റായും തുടര്‍ന്ന അപൂര്‍വ്വ നേതാവെന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. സര്‍ക്കാരില്‍ നിന്ന് അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതിയ അദ്ദേഹത്തിന്റെ സംഘടനാ ചരിത്രം പറഞ്ഞാല്‍ തീരാത്തതാണ്. വ്യാപാരിക്ഷേമ നിധി സര്‍ക്കാരിനെകൊണ്ട് അംഗീകരിപ്പിച്ചത് ഇതില്‍ ഒന്ന് മാത്രം. എത്രയോ വ്യാപാരികള്‍ക്ക് ഈ ക്ഷേമനിധി ആശ്വാസകരമായി. വ്യാപാരികള്‍ക്കായി മര്‍ക്കന്റെയിന്‍ ബാങ്ക് എന്ന ബാങ്ക് സ്ഥാപി
ച്ചതോടെ വ്യാപാരികള്‍ക്ക് ലളിതമായ വ്യവസ്ഥകളില്‍ വായ്പ ലഭ്യമായി. ഒരു തുണി കച്ചവടക്കാരനായി കോഴിക്കോട് മിഠായിത്തെരുവില്‍ പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം കൈവരിച്ച നേട്ടം, നേടിയ പരിചയസമ്പന്നത എന്നിവ സംഘടനാ പ്രവര്‍ത്തനത്തിന് തുണയായി. കച്ചവടക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ഈ അനുഭവം മുതല്‍ക്കൂട്ടായി.
1980 ല്‍ തൃശ്ശൂരില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് വാഗണ്‍ ചരക്കുകള്‍ ഇറക്കുന്നത് സംബന്ധിച്ച് വ്യാപാരികളും തൊഴിലാളികളും തമ്മിലുണ്ടായ സമരമാണ് വ്യാപാരികള്‍ക്ക് ഒരു സംഘടനവേണമെന്ന ആവശ്യത്തിലെത്തിച്ചത്. സംസ്ഥാനത്തെ വ്യാപാരികളെ മുഴുവന്‍ ഏകോപിപ്പിച്ചുകൊണ്ട് സംഘടന രൂപീകരിക്കപ്പെട്ടു. തൃശ്ശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഭാരവാഹികളായ പി.എം. ജോര്‍ജ്ജ്, എം.ഒ. ജോണ്‍ എന്നിവരായിരുന്നു ഇതിന്റെ നേതാക്കള്‍. അതിനു ശേഷം എ.പൂക്കുഞ്ഞ് പ്രസിഡന്റായും ജനറല്‍സെക്രട്ടറിയായി ടി. നസിറുദ്ദീനും
ചുമതലയേറ്റു. അതിനിടയില്‍ കോഴിക്കോട്ട് വലിയങ്ങാടിയില്‍ കയറ്റിറക്കു തൊഴിലാളികളും വ്യാപാരികളും തമ്മിലുണ്ടായ സമരം വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആവശ്യകതയെ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. സംഘടനയ്ക്കുള്ളില്‍ ജനാധിപത്യപരമായ മത്സരത്തിലൂടെ നസിറുദ്ദീന്‍ സമിതിയുടെ സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിനൊപ്പം എട്ടു വര്‍ഷത്തോളം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. പൊതു തെരഞ്ഞെടുപ്പില്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനമെടുത്തത് നസിറുദ്ദീനെന്ന നേതാവിന്റെ നേതൃത്വശേഷി തെളിയിക്കുന്നതായിരുന്നു. മരിക്കുന്നത് വരെ സംഘടനയെ പ്രനിധികീരിച്ച് വിവിധ സര്ക്കാര്കമ്മിറ്റികളില് അദ്ദേഹം അംഗമായിരുന്നു.
കേരളത്തിലെ ഒരു വ്യാപാരിയും ടി. നസിറുദ്ദീന്‍ എന്ന നേതാവിനെ മറക്കുകയില്ല. സംഘടനയിലൂടെയും സ്വന്തമായും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടും. വ്യാപാര സമൂഹത്തിനും വ്യാപാരമേഖലയ്ക്കും തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: