തിരുവനന്തപുരം: ബാബുവിനെ രക്ഷിക്കുന്നതില്‍ അമ്പേ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെയും ദുരന്ത നിവാരണ സേനയെയും അതിരൂക്ഷമായി വിമര്‍ശിച്ച് മേജര്‍ രവി. പിണറായി സര്‍ക്കാര്‍ പത്താം ക്ലാസ്സ് തോറ്റ പാര്‍ട്ടിക്കാരെ യൂണിവേഴ്സിറ്റികളില്‍ നിയമിച്ചോളൂ, പക്ഷേ തലയ്ക്കകത്ത് ബുദ്ധിയും കായിക ശേഷിയുമുള്ളവരെയേ ദുരന്ത നിവാരണ സേനയില്‍ നിയമിക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു. ബാബു അകപ്പെട്ട ഗുഹയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കോസ്റ്റ്ഗാര്‍ഡിനെ വിളിച്ച ദുരന്ത നിവാരണ സേന ആ സമയത്ത് സൈന്യത്തെ അറിയിച്ചിരുന്നുവെങ്കില്‍ ബാബുവിനെ ഇന്നലെ തന്നെ രക്ഷിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഒരു മനുഷ്യന് മരണത്തോട് മല്ലിടുമ്പോഴല്ല ഇത്തരത്തില്‍ വിവരക്കേട് കാണിക്കേണ്ടത്. ബുദ്ധിയും വിവേകവും ഉള്ളവരെ ദുരന്ത നിവാരണത്തില്‍ നിയമിക്കണം. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ കൊണ്ടു വന്നത് വിഡ്ഢിത്തവും സമയ നഷ്ടവുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു.
രാഷ്ട്രീയം നോക്കി നിയമിക്കേണ്ടതല്ല ദുരന്ത നിവാരണ സേനയിലെ പദവികള്‍. ബുദ്ധിയും കാര്യപ്രാപ്തിയും അനുഭവ പരിജ്ഞാനവും ഉള്ളവരെ നിയമിച്ചിരുന്നുവെങ്കില്‍ ബാബുവിന് ഇത്രയും കഷ്ടതകള്‍ അനുഭവിക്കേണ്ടി വരില്ലായിരുന്നു. വൈകിയാണെങ്കിലും വിളിച്ച് അറിയിച്ച ഉടനെ എത്തി ബാബുവിനെ രക്ഷിച്ച ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യങ്ങളും നന്ദിയും അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: