തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെടി നഴ്സറിയില്‍ യുവതി പട്ടാപ്പകല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. യുവതി കൊല്ലപ്പെടുന്നതിന് മുമ്പ് കടയിലെത്തിയ ഒരാളുടെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് രേഖാചിത്രം തയാറാക്കിയത്. നിലവില്‍ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഞായറാഴ്ച രാവിലെ 11-നും 12-നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഈ സമയത്ത് കടയില്‍ എത്തിയ ഒരാളുടെ ദൃശ്യമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 20 മിനിറ്റോളം കഴിഞ്ഞാണ് ഇയാള്‍ കടയില്‍നിന്ന് പുറത്തിറങ്ങിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ മുറിവും ഉണ്ടായിരുന്നു. കുറവന്‍കോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്. ചെടികള്‍ക്ക് വെള്ളമൊഴിക്കാനാണ് ഞായറാഴ്ച്ച വിനീത ജോലിസ്ഥലത്ത് എത്തിയത്.
ചെടികള്‍ വാങ്ങാനായി രണ്ടുപേര്‍ വന്നെങ്കിലും ആരെയും കാണാഞ്ഞതോടെ ഉടമസ്ഥനെ ബന്ധപ്പെട്ട് കടയില്‍ ആരുമില്ലെന്ന് അറിയിക്കുകയായിരുന്നു. സംശയം തോന്നിയ ഉടമസ്ഥന് മറ്റൊരു ജീവനക്കാരിയെ സ്ഥലത്തേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിനീതയുടെ മൃതേദഹം കണ്ടെത്തിയത്. വിനീതയുടെ കഴുത്തിലുണ്ടായിരുന്ന നാലരപവന്റെ മാലയും കാണാനില്ലായിരുന്നു. എന്നാല്‍, ബാഗില്‍ ഉണ്ടായിരുന്ന 25000 രൂപയും കടയില്‍ ഉണ്ടായിരുന്ന പണവും നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ മോഷണശ്രമമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് കരുതുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: