പാലാ: ഭര്‍ത്താവിന് ഭക്ഷണത്തിലും വെള്ളത്തിലും മരുന്ന് കലര്‍ത്തി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചില്‍ പാലാക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ്(36)ആണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് സതീഷ്(38) നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി. ഞെട്ടിക്കുന്ന വിവരങ്ങളാണ് കേസുമായി ബന്ധപ്പെട്ട് അറിയാന്‍ കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു.
2006 ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ സതീഷ് പാലാ മുരിക്കുംപുഴ സ്വദേശിയായ ആശയെ വിവാഹം കഴിച്ചത്. 2008 മുതല്‍ ഇവര്‍ മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കി. സ്വന്തമായി സ്ഥലവും വീടും വാങ്ങി 2012 ല്‍ പാലാക്കാട്ടേയ്‌ക്ക് മാറി. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളുമുണ്ട്.
പ്രമുഖ ബ്രാന്‍ഡ് എസ്‌കിമിന്റെ മൊത്ത വിതരണക്കാരനാണ് സതീഷ്. ഭാര്യയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായി ഇയാള്‍ പോലീസിന് നല്കിയ പരാതിയില്‍ പറഞ്ഞു. സമീപകാലത്ത് വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം തുടച്ചയായി ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഡോക്ടറെ സമീപിച്ചപ്പോള്‍ ഷുഗര്‍ താഴ്ന്നു പോയതാകാം കാരണം എന്ന നിരീക്ഷണത്തില്‍ മരുന്ന് നല്കി. അത് കഴിച്ചെങ്കിലും ക്ഷീണത്തിന് മാറ്റമുണ്ടായില്ല.
പിന്നീട് 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും ഉണ്ടാകാതിരുന്നതിനാല്‍ തോന്നിയ സംശയമാണ് കേസ്സിലേക്ക് വഴിത്തിരിവായത്. ഭര്‍ത്താവിന് മാനസിക രോഗത്തിനുള്ള മരുന്ന് 2015 മുതല്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്കുന്നതായി യുവതി മൊഴി നല്കിയതായി പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവിക്ക് സതീഷ് നല്കിയ പരാതിയെ തുടര്‍ന്ന് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ കെ.പി. ടോംസണ്‍, എസ്.എ. അഭിലാഷ് എം.ഡി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: