തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ തീര്‍ക്കാന്‍ രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യത്തില്‍ അംഗമാകാനില്ലെന്ന് ഒരു വിഭാഗം സഹകരണ സംഘങ്ങള്‍. ജില്ലയില്‍ യുഡിഎഫ് നിയന്ത്രണത്തിലുള്ള അമ്പത്തിനാലോളം സംഘങ്ങളാണ് ഈ നിലപാടെടുക്കുന്നത്. ജില്ലയിലെ 160 സഹകരണ സംഘങ്ങളും കേരളബാങ്കും ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യം വഴി 250 കോടി ശേഖരിക്കുമെന്നാണ് സഹകരണ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
ആസ്തിക്കനുസരിച്ച് ഒരു കോടി മുതല്‍ മൂന്ന് കോടി വരെയാണ് ഓരോ പ്രാഥമിക സഹകരണ സംഘങ്ങളും നല്‍കേണ്ടത്. ഈ പണത്തിന്റെ ഇരുപത്തഞ്ച് ശതമാനം കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് നല്‍കും. ബാക്കി ബാങ്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നീക്കിവയ്ക്കും. കേരള ബാങ്ക് കരുവന്നൂരിലെ 90 കോടിയുടെ കിട്ടാക്കടം ഏറ്റെടുക്കണമെന്നാണ് നിര്‍ദേശം. ആദ്യം വിസമ്മതിച്ചുവെങ്കിലും ഇപ്പോള്‍ കേരളബാങ്ക് ഭരണസമിതി ഇത് സമ്മതിച്ചിട്ടുണ്ട്.
ഒരു കോടി മുതല്‍ മൂന്ന് കോടി വരെ നീക്കിവച്ചാല്‍ തങ്ങള്‍ പ്രതിസന്ധിയിലാകുമെന്നാണ് ഈ നീക്കത്തില്‍ എതിര്‍പ്പുള്ള പ്രാഥമിക സംഘങ്ങളുടെ പരാതി. സിപിഎം നിയന്ത്രണത്തിലുള്ള സംഘങ്ങള്‍ക്കും ഈ പരാതിയുണ്ടെങ്കിലും പാര്‍ട്ടി നിര്‍ദ്ദേശം വന്നതോടെ അവര്‍ അനുസരിക്കാന്‍ തയ്യാറായിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തില്‍ മുടക്കുന്ന തുക തിരിച്ച് കിട്ടുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് സംഘങ്ങളുടെ എതിര്‍പ്പ്.
കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഭരണസമിതിയാണെന്നും പാര്‍ട്ടി തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്ന് പണം നല്‍കാനാവില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പുത്തൂര്‍ സഹകരണ ബാങ്കില്‍ സമാനമായ പ്രതിസന്ധിയുണ്ട്. കണ്‍സോര്‍ഷ്യം വഴി ശേഖരിക്കുന്ന തുകയുടെ ഒരു ഭാഗം പുത്തൂര്‍ സഹകരണ ബാങ്കിന് നല്കാന് തയ്യാറാകാത്തത് നീതികേടാണെന്നും ജോസ് പറഞ്ഞു.
അതേസമയം സഹകരിക്കാത്ത പ്രാഥമിക സഹകരണ സംഘങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് സര്‍ക്കാരും സഹകരണ വകുപ്പും ശ്രമിക്കുന്നതെന്ന പരാതിയുമുണ്ട്. സഹകരിക്കാത്ത സംഘങ്ങള്‍ക്ക് കേരള ബാങ്കില്‍ നിന്ന് സഹായം നല്‍കില്ലെന്ന് വൈസ് ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണന് പറഞ്ഞു.
കേരള ബാങ്കില്‍ നിന്നു ലഭിക്കുന്ന പണം ഉപയോഗിച്ചാണ് പല പ്രാഥമിക സഹകരണസംഘങ്ങളും പ്രവര്‍ത്തിക്കുന്നത്. നബാര്‍ഡ് പോലുള്ള ദേശീയ ഏജന്‍സികള്‍ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും സംസ്ഥാന സഹകരണ ബാങ്ക് വഴിയാണ്. ഇതും തടയപ്പെടുമെന്നാണ് സൂചന. ഇപ്പോള്‍ എതിര്‍പ്പ് പറയുന്നവരും ഉത്തരവിറങ്ങുന്നതോടെ തങ്ങളുടെ വഴിക്ക് വരുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: