മുംബൈ: 4300 കോടി രൂപയുടെ പിഎംസി ബാങ്ക് അഴിമതിക്കേസില്‍ മുഖ്യപ്രതിയും മുന്‍ ബാങ്ക് എംഡിയുമായി ദില്‍ജിത് സിങ്ങ് ബാല്‍ അറസ്റ്റിലായി. ഇതോടെ ഈ കേസില്‍ ഒരു പിടി ശിവസേന നേതാക്കള്‍ക്ക് ചുറ്റും കുരുക്ക് മുറുകുകയാണ്. ഇക്കൂട്ടത്തില്‍ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മുന്‍ ശിവസേന എംപിയും ഉള്‍പ്പെടുന്നു.
ദല്‍ജിത് സിങ്ങ് ബാല്‍ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബീഹാറില്‍ പിടിയിലായത്. സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ (ഇക്കണോമിക് ഒഫന്‍സസ് വിംഗ്) മുംബൈ ടീമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മകനും ഭാര്യയോടുമൊപ്പം നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു ദല്‍ജിത് സിങ്ങ് ബാല്‍. മുംബൈ പൊലീസാണ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തെ ദല്‍ജിത് സിങ്ങ് ബാലിന്റെ രക്ഷപ്പെടല്‍ ശ്രമത്തെക്കുറിച്ച് അറിയിച്ചത്. കാഠ്മണ്ഡുവില്‍ നിന്നും കാനഡയിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഒരു ആഢംബരക്കാറില്‍ കാഠ്മണ്ഡുവിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ദല്‍ജിത് സിങ്ങ് ബാലിനെ കുടുംബത്തോടൊപ്പം അറസ്റ്റ് ചെയ്തത്.
കടക്കെണിയില്‍ കുരുങ്ങിയ ഹൗസിംഗ് ഡവലപ്‌മെന്റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (എച്ച് ഡി ഐഎല്‍) എന്ന കമ്പനിയ്‌ക്ക് 4355 കോടി വായ്പ നല്‍കിയത് മറയ്‌ക്കാന്‍ വേണ്ടി ഒരു പിടി വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ചതായി റിസര്‍വ്വ് ബാങ്ക് 2019 സെപ്തംബറില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഎംസി ബാങ്ക് അഴിമതി പുറത്തായത്. പിഎംസി ബാങ്ക് 44 വ്യാജ അക്കൗണ്ടുകള്‍ മറച്ച് വെയ്‌ക്കാന്‍ അവരുടെ കോര്‍ ബാങ്കിംഗ് സംവിധാനത്തില്‍ കൃത്രിമം ചെയ്തിരുന്നു. പിഎംസി ബാങ്കില്‍ നിന്നും ഉള്ള പണം പല കൈവഴികളിലൂടെ സഞ്ചരിച്ച് ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യ വര്‍ഷാ റാവത്തിന്റെ കൈകളില്‍ വരെ എത്തിയിട്ടുണ്ട്.
1034 കോടി രൂപയുടെ ഭൂമി അഴിമതിക്കേസില്‍ സുജിത് പത്കറുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. സഞ്ജയ് റാവുത്തിന്റെ മക്കളായ പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ ബിസിനസ് പങ്കാളിയാണ് സുജിത് പത്കര്‍. പുര്‍വശി റാവുത്ത്, വിധിത റാവുത്ത് എന്നിവരുടെ വൈന്‍ കമ്പനിയായ മാഗ്‌പൈ ഡിഎഫ്എസ് പ്രൈവറ്റ് ലിമിറ്റഡില്‍ ബിസിനസ് പങ്കാളി കൂടിയാണ് സുജിത് പത്കര്‍. സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തും സുജിത് പത്കറുടെ ഭാര്യയും അലിബാഗില്‍ പങ്കാളിത്തത്തില്‍ സ്ഥലം വാങ്ങിയിരുന്നു.
അതുപോലെ പിഎംസി ബാങ്കില്‍ നിന്നും എച്ച് ഡി ഐഎല്‍ കമ്പനിക്ക് ലഭിച്ച പണത്തില്‍ ഒരു പങ്ക് മുന്‍ ശിവേസന എംപി നിയന്ത്രിക്കുന്ന ബാങ്ക് ജീവനക്കാരുടെ അസോസിയേഷനിലും എത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ഈ ശിവസേന എംപി ഇഡിയുടെ നിരീക്ഷണത്തിലാണ്. ഇതുപോലെ പിഎംസി ബാങ്കില്‍ നിന്നുള്ള പണം ഒരു ട്രസ്റ്റിലേക്ക് പോയിട്ടുണ്ട്. ഈ ട്രസ്റ്റില്‍ ശിവസേനയുടെ ഉന്നതനേതാക്കള്‍ ഉണ്ട്. അതുപോലെ എച്ച് ഡി ഐഎല്ലിന്റെ ഉടമസ്ഥരുടെ നിയന്ത്രണത്തിലുള്ള 1,100 ഏക്കര്‍ ഭൂമി ഇഡി പിടിച്ചെടുത്തു. വാസൈ മുതല്‍ പല്‍ഗാര്‍ വരെയുള്ള ഏഴ് വില്ലേജുകളിലായാണ് ഈ സ്ഥലം. മുംബൈയുടെ ബാന്ദ്രയില്‍ വാങ്ങിയ നിരവധി ഫ്‌ളാറ്റുകളും ഇഡി പിടിച്ചെടുത്തു. ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷാ റാവുത്ത് മൂന്ന് തവണ ഇഡി സമന്‍സയച്ചശേഷമാണ് പിന്നീട് ചോദ്യം ചെയ്യലിന് ഹാജരായത്.
പ്രവീണ്‍ റാവുത്ത് എന്ന എച്ച് ഡി ഐഎല്‍ കമ്പനിയുടെ പണം തിരിമറി നടത്തിയ വ്യക്തിയുടെ ഭാര്യയുമായി സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിനുള്ള ബന്ധമാണ് ഇഡി ചോദിച്ചറിയുന്നത്. സുജിത് പത്കറുടെ മറ്റൊരു കൂട്ടാളി കൂടിയാണ് പ്രവീണ്‍ റാവുത്ത്. ഇദ്ദേഹത്തിന്റെ കമ്പനിയായ ഗുരു ആശിശ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് പിഎംസി ബാങ്ക് പണം തിരിമറിക്കേസിലെ മുഖ്യകമ്പനിയായ ഹൗസിംഗ് ഡവലപ്‌മെന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ (എച്ച് ഡി ഐഎല്‍) അനുബന്ധകമ്പനിയാണ്. ഇദ്ദേഹത്തെ ചോദ്യം ചെയ്ത ശേഷം ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോള്‍ പ്രവീണ്‍ റാവുത്ത് എട്ട് ദിവസത്തെ ഇഡി കസ്റ്റഡിയിലാണ്. പ്രവീണ്‍ റാവുത്ത് തന്റെ ഭാര്യ മാധുരിയ്‌ക്ക് 1.6 കോടി രൂപ നല്‍കിയിരുന്നു. ഇത് തട്ടിപ്പില്‍ നിന്നുള്ള ലാഭത്തുകയായിരുന്നു. ഇതില്‍ നിന്നും മാധുരി റാവുത്ത് 55 ലക്ഷം രൂപ ശിവസേന നേതാവ് സഞ്ജയ് റാവുത്തിന്റെ ഭാര്യ വര്‍ഷ റാവുത്തിന് നല്‍കിയിരുന്നു. ഈ തുക ദാദറില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. വര്‍ഷ റാവുത്തും മാധുരി പ്രവീണ്‍ റാവുത്തും ആവണി കണ്‍സ്ട്രക്ഷന്‍ എന്ന കമ്പനിയില്‍ ബിസിനസ് പങ്കാളികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: