ഇടുക്കി : പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത്. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്ന് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്. പാര്‍ട്ടിയില്‍ നിന്നും ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തതത് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്കെതിരായ പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തലുകള്‍ ശരിയല്ല. പെട്ടിമുടി ദുരന്തസമയത്ത് മുഴുവന്‍ സമയവും താന്‍ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂര്‍വമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന് പറഞ്ഞു. ജനങ്ങള്‍ക്കിടയില്‍ ജാതീയമാത വേര്‍തിരിവ് ഉണ്ടാക്കാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. ദേവികുളം മണ്ഡലത്തില്‍ ജാതി നോക്കി സ്ഥാനാര്‍ത്ഥിയെ നിയമിച്ചത് പാര്‍ട്ടി തന്നെയാണ്.
പാര്‍ട്ടിയില്‍ നിന്നും തന്നെ പുറത്താക്കാന്‍ ചിലര്‍ വളരെ കാലങ്ങളായി ശ്രമിക്കുകയാണ്. എട്ട് മാസത്തോളമായി താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ഒന്നും ചെയ്യുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കുകയാണ്. മറ്റ് പാര്‍ട്ടിയിലേക്ക് പോകാന്‍ സാധിക്കില്ല. അതിനാലാണ് രാഷ്ട്രീയം വിടുന്നതെന്നും രാജേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് എസ്. രാജേന്ദ്രനെ ഒരുവര്‍ഷത്തേക്ക് സിപിഎം സസ്പെന്‍ഡ് ചെയ്തത്. ഇതുസംബന്ദിച്ച് ചൊവ്വാഴ്ച സിപിഎം ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രന് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്നതിന് പുറമേ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അന്വേഷണ കമ്മിഷന് കണ്ടെത്തിയിരുന്നു.
ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ചു. വ്യാജപ്രചാരണങ്ങള്‍ നടത്തി. മുഖ്യമന്ത്രി പെട്ടിമുടിയിലെത്തിയപ്പോള്‍ മനപ്പൂര്‍വ്വം വിട്ടുനിന്നു തുടങ്ങി ഗുരുതരമായ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ രാജേന്ദ്രന് നടത്തിയെന്നാണ് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലാ കമ്മിറ്റി ഇത് സംസ്ഥാന സമിതിക്ക് കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: