മുംബൈ: സൂപ്പര്‍മാക്കറ്റുകളില്‍ വീഞ്ഞൊഴുക്കാനുള്ള ശിവസേന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സാമൂഹ്യ പ്രവര്ത്തകന് അന്ന ഹസാരെ. പണമുണ്ടാക്കാന്‍ മദ്യവില്പനയ്ക്ക് മുന്‍ഗണന നല്‍കിയത് നിര്‍ഭാഗ്യകരാണെന്ന് അന്ന ഹസാരെ തിങ്കളാഴ്ച പറഞ്ഞു.
സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സുലഭമായി വൈന്‍ വില്‍ക്കുന്നത് വഴി കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാമെന്ന തൊടുന്യായമാണ് ശിവസേന വക്താവ് സഞ്ജയ് റാവുത്ത് കഴിഞ്ഞ ദിവസം പറഞ്ഞത്. പഴങ്ങളെ അടിസ്ഥാനമാക്കിയുള്ള വീഞ്ഞ് നിര്‍മ്മാണക്കമ്പനികള്‍ക്ക് ആവേശം പകരാനാണ് ഈ തീരുമാനമെന്നായിരുന്നു എന്‍സിപി മന്ത്രി നവാബ് മാലിക്കിന്റെ വിശദീകരണം.
ജനങ്ങളെ മയക്കമരുന്ന്, മദ്യം, ലഹരിയടിമത്വം എന്നിവയില്‍ നിന്ന് മുക്തരാക്കുക എന്നതായിരിക്കണം സര്‍ക്കാരിന്റെ കടമ. മദ്യം പ്രോത്സാഹിപ്പിക്കാനും വരുമാനമുണ്ടാക്കാന്‍ മദ്യത്തിനോടുള്ള അടിമത്തം കൂട്ടാനുമാണ് ശിവസേന ശ്രമിക്കുന്നതെന്ന് അന്ന ഹസാരെ പറഞ്ഞു. ‘വീഞ്ഞ് മദ്യമല്ലെന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഈ തീരുമാനം സംസ്ഥാനത്തെ എവിടെ കൊണ്ടെത്തിക്കും? വര്‍ഷത്തില്‍ ആയിരം കോടി ലിറ്റര്‍ വീഞ്ഞ് വില്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. അതായത് ആളുകള്‍ ലഹരിക്ക് അടിമകളായിക്കോട്ടെ എന്നതാണ് സര്‍ക്കാര്‍ തീരുമാനം,’ അന്ന ഹസാരെ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നവമ്പറില്‍ വിദേശ സ്കോട്ട് വിസ്കിക്കുള്ള എക്സൈസ് തീരുവ 50 ശതമാനം വെട്ടിക്കുറച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെയും അന്ന ഹസാരെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: