കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ദിലീപിന്റെ ഫോണുകള്‍ തിങ്കളാഴ്ച തന്നെ രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്. മുദ്രവെച്ച കവറില്‍ കോടതി നിര്‍ദ്ദേശിച്ച സമയത്തു തന്നെ ഫോണുകള്‍ കൈമാറും. മുംബൈയില്‍ ഫോറന്‍സിക് പരിശോധനയ്ക്കായി രണ്ട് ഫോണുകളാണ് അയച്ചത്. ഇവ ഇന്ന വൈകിട്ടോടെ തിരിച്ചെത്തുമെന്നും അഭിഭാഷകന് അറിയിച്ചു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടന് ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുമ്പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന് ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. തുടര്‍ന്ന് കോടതിയും ആവശ്യപ്പെട്ടതോടെയാണ് ഫോണുകള്‍ കൈമാറാന്‍ ദിലീപ് തയ്യാറായത്. മുംബൈയിലേക്ക് പരിശോധനയ്ക്കായി അയച്ച മൊബൈലുകള്‍ തിരികെക്കൊണ്ടുവരുന്നതിനായി ചൊവ്വാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യവും നിഷേധിച്ചിരുന്നു. ആവശ്യമെങ്കില്‍ ദിലീപിന് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി നിര്‍ദേശിച്ചു.
ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന് അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയില്‍ കൈമാറേണ്ടത്. ദിലീപിന് നാല് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നതെങ്കിലും മൂന്ന് ഫോണ്‍ മാത്രമാണുള്ളതെന്നായിരുന്നു ദിലീപിന്റെ വാദം. നാലാമത് ഫോണ്‍ ഉണ്ടോയെന്നത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
അതേസമയം കേസ് സംബന്ധിച്ച് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാരിയരില്‍നിന്നും അന്വേഷണസംഘം ഫോണിലtടെ വിവരങ്ങള്‍ തേടിയെന്ന് സൂചന. മുന്‍ ഭാര്യയും അഭിഭാഷകരുമായുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉള്ളതിനാല്‍ ഫോണ്‍ ഹാജരാക്കാനാകില്ലെന്നായിരുന്നു ദിലീപ് കഴിഞ്ഞ ദിവസം കോടതിയില്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ അത്തരത്തിലുളള സ്വകാര്യ സംഭാഷണങ്ങളൊന്നും നടന്നിട്ടില്ലെന്നും മകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നോ രണ്ടോ വട്ടം സംസാരിച്ചിട്ടുണ്ടെന്നുമാണ് മഞ്ജു വാരിയര്‍ മറുപടി നല്‍കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ എറണാകുളം എംജി റോഡിലെ മേത്തര്‍ ഹോംസിന്റെ ഫ്ളാറ്റിലാണ് പ്രതികള്‍ ഒത്തുകൂടിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. 2017 ഡിസംബര്‍ മാസത്തിലാണ് ഇവര്‍ ഒത്തുകൂടിയതെന്നാണ് കണ്ടെത്തല്‍. എംജി റോഡില്‍ ഷിപ് യാര്‍ഡിന് അടുത്തായി മേത്തര്‍ ഹോംസിന്റെ അപ്പാര്‍ട്മെന്റ് സമുച്ചയത്തില്‍ ദിലീപിന് ഫ്ളാറ്റുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ചാണ് ഇവിടെവെച്ച് ആലോചനകള്‍ നടന്നത്. ഈ സമയത്തെ മൂവരുടെയും മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.
ഇവരുടെ സാന്നിധ്യം സ്ഥീരീകരിക്കുന്ന ഫ്ലാറ്റിലെ ചിലരുടെ സാക്ഷിമൊഴികളും അന്വേഷണസംഘത്തിന്റെ പക്കലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഈ നീക്കങ്ങള്‍ നടന്നത്. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തില്‍ ആലുവയിലെ പദ്മസരോവരം വീട്ടില്‍വെച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശാപവാക്കുകളാണെന്ന് ദിലീപ് കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ അത് ശാപവാക്കുകള്‍ മാത്രമല്ല ഗൂഢാലോചനയുടെ തുടക്കമായിരുന്നു എന്ന് ഈ തെളിവുകളെല്ലാം നിരത്തി സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: