പത്തനംതിട്ട : കൊടുമണ്ണില്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം നല്‍കുന്നതായി ആരോപണം. കേസിലെ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുള്ളതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോന് ആരോപിച്ചു.
അങ്ങാടിക്കല്‍ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പിനിടെ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശ്ശന നടപടി കൈക്കൊള്ളണം. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ആക്രമണങ്ങളാണ് ഡിവൈഎഫ്ഐ നടത്തുന്നത്. പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കുകയാണെന്നും ആരോപിച്ച് എഐവൈഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. സിപിഐ ലോക്കല്‍ സെക്രട്ടറിയെ അടക്കം അതിക്രൂരമായ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് സിപിഐയുടെ യുവജന നേതാക്കാളെ ചൊടുപ്പിക്കുന്നത്.
സഹകരണ ബാങ്ക് ഭരണത്തിനായി സിപിഎം വോട്ടേഴ്സ് ലിസ്റ്റില്‍ ഇല്ലാത്തവരെ പുറത്തുനിന്നും ഇറക്കിയതായി സിപിഐ ആരോപിച്ചു. ഇത് തര്‍ക്കത്തിലേക്ക് നീങ്ങുകയും പ്രദേശത്തെ സിപിഐ പ്രവര്‍ത്തകര്‍ക്കും അവരുടെ വീടുകള്‍ക്കേ നേരേയും ഡിവഐഎഫ്ഐ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും ചെയ്തു.
സിപിഎം- സിപിഐ തര്‍ക്കവും വാക്ക്പോരും വെല്ലുവിളികളും രണ്ടാഴ്ചയായിട്ടും അവസാനിച്ചിട്ടില്ല. സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടഞ്ഞു നില്‍ക്കുകയാണ്. ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന അടൂര്‍ ഡിവൈഎസ്പിക്കെതിരെ എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം പരാതിയുമായി മുന്നോട്ട് പോകുന്നത്.
അതേസമയം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് പിന്നാലെ തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങളിലും വീടുകള്‍ ആക്രമിച്ച കേസിലും അന്വേഷണം നടക്കുകയാണെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം കൊടുമണ്‍ എസ്എച്ച്ഒയെ മര്‍ദ്ദിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: