ന്യൂയോര്‍ക്ക് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘത്തിലെ പാക് വംശജനായ യുഎസ് ഡോക്ടറായ മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസ പ്രവാഹമായിരുന്നു. എന്നാല്‍, സ്വന്തം കുടുംബത്തില്‍ നിന്ന് മാതാപിതാക്കളില്‍ നിന്നും ചരിത്രം സൃഷ്ടിച്ച ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത അവഗണനയും എതിര്‍പ്പും നേരിടേണ്ടി വന്നെന്നും വെളിപ്പെടുത്തുന്നു മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍.
ഇസ്ലാം നിരോധിച്ചിരിക്കുന്ന ഒരു മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിന് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നെന്ന് മേരിലാന്‍ഡ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയാക് സെനോട്രാന്സ്പ്ലാന്റേഷന് ഡയറക്ടര്‍ ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ കനേഡിയന്‍-അമേരിക്കന്‍ മാസികയായ വൈസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. നിങ്ങള്‍ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിക്കുന്നത്? എന്റെ അച്ഛന് എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു. മറ്റൊരു മൃഗത്തെയെങ്കിലും ഉപയോഗിച്ച് നോക്കിക്കൂടെ എന്ന് സ്ഥിരം ചോദിക്കും. തന്റെ കുടുംബത്തില്‍ ‘പന്നി’ എന്ന വാക്ക് എങ്ങനെ നിഷിദ്ധമാണെന്നും അത് പറഞ്ഞാല്‍ പോലും തനിക്ക് എതിര്‍പ്പ് നേരിടേണ്ടി വരുമെന്നും ഡോക്റ്റര്‍. പന്നി എന്നു പറഞ്ഞാല്‍ അപ്പോള്‍ തന്നെ അമ്മ വലിയ തോതില്‍ ശബ്ദമുണ്ടാക്കി വഴക്കു പറയുമെന്നും ഡോക്റ്റര്‍. ഇപ്പോഴത്തെ ശസ്ത്രക്രിയയ്ക്കു ശേഷം തനിക്കു നേരേ എതിര്‍പ്പ് ശക്തമായി. എന്നാല്‍, സ്ഥിരമായി പന്നിയിറച്ചി കഴിക്കുന്ന ഒരു രാജ്യത്താണ് താമസിക്കുന്നത് എന്നതിനാല്‍, പാശ്ചാത്യ ലോകത്ത് ഇത് ഒരു ധാര്‍മ്മിക പ്രശ്നമായിരുന്നില്ലെന്നും ഡോ മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. മേരിലാന്‍ഡ് നിവാസിയായ ഡേവിഡ് ബെന്നറ്റിന്റെ ശരീരത്തിലാണ്് പന്നിയുടെ ഹൃദയം മാറ്റിവെച്ചത്.
കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്. 1989ല്‍ കറാച്ചിയിലെ ഡൗ മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദം നേടി. യു.എസിലേക്ക് മാറുകയും തുടര്‍ന്ന് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് ട്രാന്സ്പ്ലാന്റേഷന് ബയോളജിയില്‍ ആദ്യ ഫെലോഷിപ്പും പിന്നീട് ഡ്രെക്സല്‍ യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെല്ലുലാര്‍ തെറാപ്പിക്സില് ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷനില്‍ ഫെലോഷിപ്പും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: